രാജ്യത്തെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029ഓടെ ഏക സിവിൽ കോഡ് (UCC) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അമിത് ഷായുടെ പ്രഖ്യാപനം.
|
വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മതഭേദമന്യേ പൊതുവായ നിയമം കൊണ്ടുവരികയാണ് ഏക സിവിൽ കോഡിന്റെ ലക്ഷ്യം. നിരവധി സംസ്ഥാനങ്ങളിൽ ഇതിനകം യുസിസി നടപ്പാക്കിയിട്ടുണ്ടെന്നും ശേഷിക്കുന്ന എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലും 2029ന് മുമ്പ് ഇത് നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും അമിത് ഷാ പറഞ്ഞു.
ഭീകരവാദത്തിനെതിരെ ‘സീറോ ടോളറൻസ്’
രാജ്യത്തിന്റെ സുരക്ഷാ നയത്തെക്കുറിച്ചും അമിത് ഷാ വിശദീകരിച്ചു. സർജിക്കൽ സ്ട്രൈക്കുകൾ, വ്യോമാക്രമണങ്ങൾ, ഓപ്പറേഷൻ സിന്ദൂർ എന്നിവയിലൂടെ ഭീകരവാദത്തിനെതിരെ ‘സീറോ ടോളറൻസ്’ നയമാണ് രാജ്യം സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് എല്ലാ മേഖലകളിലും മുൻഗണന നൽകുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
2014ന് മുമ്പ് അഴിമതി, ജാതീയത, കുടുംബാധിപത്യ രാഷ്ട്രീയം എന്നിവയായിരുന്നു രാജ്യത്തെ രാഷ്ട്രീയത്തിന്റെ മുഖമുദ്രയെന്നും അതിന് ശേഷം പ്രകടനാധിഷ്ഠിത രാഷ്ട്രീയത്തിലേക്ക് ഇന്ത്യ മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു. വിദേശനയത്തിലും പ്രതിരോധനയത്തിലും രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന ശക്തമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിൽ എൻആർസി ചർച്ചകൾ പുരോഗമിക്കുന്നു
1951ലെ അടിസ്ഥാനവർഷം ഉപയോഗിച്ച് മണിപ്പൂരിൽ ദേശീയ പൗരത്വ രജിസ്റ്റർ (NRC) നടപ്പാക്കുമോ എന്ന ചോദ്യത്തിന്, സംസ്ഥാനത്തെ സഹപ്രവർത്തകരുമായും രാഷ്ട്രീയ പാർട്ടികളുമായും ചർച്ചകൾ നടക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. തീരുമാനമുണ്ടാകുന്ന മുറയ്ക്ക് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുമെന്ന നിലപാട് കേന്ദ്രസർക്കാർ ആവർത്തിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ ഇതിനായി പരിഗണിക്കുന്ന രീതികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാഷാ തർക്കത്തിൽ മാതൃഭാഷയ്ക്ക് മുൻഗണന നൽകണമെന്നാണ് തന്റെ നിലപാടെന്നും സംസ്ഥാന നേതൃത്വം പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്നും അമിത് ഷാ പറഞ്ഞു.
സെപ്റ്റംബർ 17 മുതൽ ‘സേവാ സങ്കൽപ് അഭിയാൻ’
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുപ്രവർത്തനത്തിലെ 25 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി ‘സേവാ സങ്കൽപ് അഭിയാൻ’ സംഘടിപ്പിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.
ബിജെപി, എൻഡിഎ ഘടകകക്ഷികൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവർ പങ്കാളികളാകുന്ന രീതിയിലായിരിക്കും പരിപാടി. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജില്ലകളിലും ലോക്സഭാ-നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലും പരിപാടികൾ സംഘടിപ്പിക്കും. മോദിയുടെ 25 വർഷത്തെ പൊതുപ്രവർത്തനവും നേട്ടങ്ങളും 2047ലെ വികസിത ഭാരതം എന്ന ലക്ഷ്യവും പ്രചാരണത്തിൽ ഉയർത്തിക്കാട്ടും.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പരിപാടിക്ക് സംസ്ഥാന സർക്കാരിന്റെയും ബിജെപിയുടെയും പൂർണ പിന്തുണയുണ്ടാകുമെന്ന് അറിയിച്ചു. സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾക്കായിരിക്കും പ്രചാരണത്തിൽ പ്രധാന്യം നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: പശ്ചിമ ബംഗാളിൽ 252 മദ്റസകൾക്ക് അടച്ചുപൂട്ടൽ നോട്ടീസ്; 100 സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





