ചരിത്രത്തിലെ ഏറ്റവും കനത്ത പ്രതിസന്ധിയില്‍ ബൈജൂസ്, ബൈജു രവീന്ദ്രന്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു; ബംഗളൂരുവിലെ ഓഫിസുകള്‍ അടച്ചുപൂട്ടി
|
ബംഗളൂരു: പ്രമുഖ എഡ്യുക്കേഷണല്‍ ടെക് കമ്പനിയായ ബൈജൂസ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും കനത്ത സാമ്പത്തിക പ്രതിസന്ധി. നിക്ഷേപകരില്‍ നിന്നും കൂടുതല്‍ ഫണ്ട് ലഭിക്കാന്‍ വൈകുന്നതുമൂലമുള്ള പ്രതിസന്ധിയാണ് ഇപ്പോള്‍ കമ്പനി നേരിടുന്നത്. പണലഭ്യതയില്‍ നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനും കമ്പനി ചെലവ് ചുരുക്കുന്നതിനുമായി ബംഗളൂരുവില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് ഓഫീസുകള്‍ അടച്ചുപൂട്ടി. ബംഗളൂരുവില്‍ മൂന്ന് ഓഫീസുകളാണ് ബൈജൂസിനുള്ളത്. ഇതില്‍ 5.58 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കല്യാണി ടെക് പാര്‍ക്കിലെ പ്രോപ്പര്‍ട്ടിയാണ് ഒഴിഞ്ഞത്. ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരോട് ജൂലൈ 23 മുതല്‍ മറ്റ് ഓഫീസുകളിലേക്ക് മാറുകയോ അല്ലെങ്കില്‍ വീട്ടിലിരുന്നു ജോലി ചെയ്യാനോ ബൈജൂസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം പ്രസ്റ്റീജ് ടെക് പാര്‍ക്കിലെ ഒമ്പത് നിലകളില്‍ രണ്ടെണ്ണം വേണ്ടെന്നു വയ്ക്കുകയും ചെയ്തിട്ടുണ്ട്.
ദുബൈയില്‍ നിന്ന് 100 കോടി ഡോളര്‍ സമാഹരിക്കാനായി വിവിധ നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചയും പരാജയപ്പെട്ടതോടെ നിക്ഷേപകരുടെ മുന്നില്‍ കമ്പനി സ്ഥാപകന്‍ ബൈജു രവീന്ദ്രന് പൊട്ടിക്കരയേണ്ട സാഹചര്യമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ദുബൈയില്‍ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയത്. മിഡില്‍ ഈസ്‌റ്റേണ്‍ നിക്ഷേപകരില്‍ നിന്ന് 1 ബില്യണ്‍ ഡോളറിന്റെ ഇക്വിറ്റി ഫണ്ട് സമാഹരണം അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്ന് ബൈജുവിന് പൊട്ടിക്കരയേണ്ട സാഹചര്യമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഏപ്രിലില്‍ ബൈജൂസിന്റെ ഓഫീസുകളിലും സിഇഒ ബൈജു രവീന്ദ്രന്റെ വസതിയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. വിദേശ ധനസഹായ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ചായിരുന്നു പരിശോധന. ഇ.ഡി റെയ്ഡുകള്‍ കൂടിയായതോടെ പ്രതിസന്ധി ഇരട്ടിയായി. ഇതോടെ, കമ്പനിയിലെ ഓഹരിയുടമകളുടെ പ്രതിനിധികള്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രാജിവെച്ചു. ഇതെല്ലാം കമ്പനിയുടെ ഇന്നത്തെ സ്ഥിതിക്ക് കാരണമായി. ഇപ്പോള്‍ ചെലവുകള്‍ ചുരുക്കി കമ്പനിയെ നിലനിര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് ബൈജു രവീന്ദ്രന്‍.


