ഭോപ്പാല്‍: മരുന്നിന് പകരം മൃതദേഹങ്ങളും ബയോപ്‌സി സാമ്പിളുകളും കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന മാരക വിഷാംശമുള്ള ‘ഫോര്‍മാലിന്‍’ (Formalin) ശരീരത്തില്‍ കുത്തിവെച്ചതിനെത്തുടര്‍ന്ന് ഭോപ്പാല്‍ എയിംസ് (AIIMS) ആശുപത്രിയില്‍ മൂന്ന് വയസ്സുകാരന്‍ മരിച്ചു. രക്താര്‍ബുദത്തോട് (Blood Cancer) പോരാടുകയായിരുന്ന സാര്‍ത്ഥക് യാദവ് എന്ന കുട്ടിയാണ് നഴ്സിന്റെ ഗുരുതരമായ അനാസ്ഥയെ തുടര്‍ന്ന് ദാരുണമായി മരണപ്പെട്ടത്.
|
2025 ഡിസംബറിലായിരുന്നു രാജ്യത്തെ നടുക്കിയ ഈ സംഭവം നടന്നത്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ കുറ്റക്കാരായ രണ്ട് നഴ്സുമാര്‍ക്കെതിരെ പോലീസ് ഇപ്പോള്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. സഗര്‍ (Sagar) ജില്ലയിലെ ബിന തഹസീല്‍ സ്വദേശിയായ സാര്‍ത്ഥകിനെ ഗുരുതരാവസ്ഥയിലാണ് ഡിസംബര്‍ 15-ന് ഭോപ്പാല്‍ എയിംസിലെ പീഡിയാട്രിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
തടയാന്‍ ശ്രമിച്ചിട്ടും കേട്ടില്ലെന്ന് പിതാവ്
കുട്ടിയുടെ പിതാവ് സിദ്ധാര്‍ത്ഥ് യാദവ് പറയുന്നതനുസരിച്ച് ഡിസംബര്‍ 17-ന് രാവിലെയാണ് ഈ ദാരുണ സംഭവം നടക്കുന്നത്. കുട്ടിയുടെ ശരീരത്തിലേക്ക് മരുന്ന് നല്‍കിയിരുന്ന ഐ.വി ലൈന്‍ (IV Line) തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് ഓഫീസര്‍ വാര്‍ഡില്‍ ഇരുന്ന, ‘F’ എന്ന് അടയാളപ്പെടുത്തിയ ഒരു സിറിഞ്ച് എടുത്ത് കൃത്യമായി പരിശോധിക്കാതെ ഐ.വി ബോട്ടിലിലേക്ക് കുത്തിവെക്കുകയായിരുന്നു.
‘രാവിലെ നഴ്സ് വന്നപ്പോള്‍ ഐ.വി ലൈന്‍ തടസ്സപ്പെട്ടിരുന്നു. അവര്‍ വാര്‍ഡിലിരുന്ന ‘F’ എന്ന് എഴുതിയ ഒരു സിറിഞ്ചെടുത്ത് ഐ.വി ബോട്ടിലിലേക്ക് ഒഴുക്കി. മൂന്ന് തവണ ഞാന്‍ അവരെ തടയാന്‍ ശ്രമിച്ചതാണ്. എന്നാല്‍ ‘ഞാനാണോ അതോ നിങ്ങളാണോ ഇവിടുത്തെ ഡോക്ടര്‍?’ എന്നായിരുന്നു അവരുടെ ചോദ്യം. മരുന്ന് ഉള്ളില്‍ച്ചെന്ന് നിമിഷങ്ങള്‍ക്കകം മകന്‍ അബോധാവസ്ഥയിലായി,’ പിതാവ് സിദ്ധാര്‍ത്ഥ് ആരോപിച്ചു.
ഇതിന് പിന്നാലെ കുട്ടിക്ക് കടുത്ത അസ്വസ്ഥതകള്‍ ഉണ്ടാവുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. ഉടന്‍ തന്നെ കുട്ടിയെ പി.ഐ.സി.യു (PICU) ലേക്ക് മാറ്റി സി.പി.ആര്‍ (CPR) നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ 8:45-ഓടെ കുട്ടി മരണപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാനായി ഐ.വി ബോട്ടില്‍ നഴ്സുമാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നു.
അനാസ്ഥ സ്ഥിരീകരിച്ച് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്
ആശുപത്രി അധികൃതര്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കുട്ടിയുടെ മരണകാരണം രക്തക്കുഴലിലൂടെ ഫോര്‍മാലിന്‍ ഉള്ളില്‍ച്ചെന്നതാണെന്ന് കണ്ടെത്തി. ബയോപ്‌സി സാമ്പിള്‍ സൂക്ഷിക്കാന്‍ സിറിഞ്ചിലാക്കി വാര്‍ഡില്‍ തുറന്നു വെച്ചിരുന്ന ഫോര്‍മാലിന്‍ ആണ് കുട്ടിക്ക് മാറി കുത്തിവെച്ചത്. നഴ്സിംഗ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് ഓഫീസര്‍ മധുബാല ശര്‍മ്മയാണ് ഈ രാസവസ്തു കുട്ടിക്ക് നല്‍കിയത്. മറ്റൊരു നഴ്സിംഗ് ഓഫീസറായ അനുക ഗുജറാത്തി ഈ അപകടകരമായ കെമിക്കല്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നഴ്സുമാര്‍ക്കെതിരെ കേസ്; സസ്പെന്‍ഷന്‍
ആശുപത്രിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാഗ്സെവാനിയ പോലീസ് രണ്ട് നഴ്സുമാര്‍ക്കെതിരെയും കേസ് എടുത്തു. മധുബാല ശര്‍മ്മയ്ക്കെതിരെ ഗുരുതരമായ അനാസ്ഥയിലൂടെ മരണത്തിന് കാരണമായതിനും (BNS Section 106(1)), അനുക ഗുജറാത്തിക്കെതിരെ അപകടകരമായ രാസവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനും (Section 286) ആണ് കേസ് എടുത്തിട്ടുള്ളത്.
രണ്ട് നഴ്സുമാരെയും എയിംസ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്യുകയും ജോലിയില്‍ നിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കി.
എന്താണ് ഫോര്‍മാലിന്‍ (Formalin)?
ഫോര്‍മാല്‍ഡിഹൈഡ് വാതകത്തിന്റെ ജലീയ ലായനിയാണ് ഫോര്‍മാലിന്‍. ഇത് മനുഷ്യശരീരത്തിന് അങ്ങേയറ്റം ഹാനികരവും വിഷാംശമുള്ളതുമായ ഒരു രാസവസ്തുവാണ്. മെഡിക്കല്‍ ലബോറട്ടറികളില്‍ ബയോപ്‌സി സാമ്പിളുകള്‍, കോശങ്ങള്‍, ശാസ്ത്ര പഠനങ്ങള്‍ക്കുള്ള മൃതദേഹങ്ങള്‍ (cadavers) എന്നിവ ദ്രവിച്ചുപോകാതെ സൂക്ഷിക്കാനാണ് സാധാരണയായി ഇത് ഉപയോഗിക്കുന്നത്.
Cancer Patient, 3, Dies As Nurse Injects Him With Formalin At AIIMS Bhopal


