മുംബൈ: സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലവും ആക്ഷേപകരവുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിന് സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ പ്രാനിത് മോറെ, വെബ് ഡെവലപ്പര്‍ ഹിമാന്‍ഷു ജാംഗ്ര, ഡോ. സെജല്‍ പവാര്‍ എന്നിവര്‍ക്കെതിരെ മഹാരാഷ്ട്ര സൈബര്‍ പോലീസ് കേസെടുത്തു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രതികള്‍ക്ക് നോട്ടീസ് അയച്ചതായി പോലീസ് അറിയിച്ചു.
|
ഗുഡ്ഗാവിലെ ഒരു കോമഡി ഷോയ്ക്കിടെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും പരസ്പര സമ്മതമില്ലാതെയുള്ള പെരുമാറ്റങ്ങളെയും മഹത്വവല്‍ക്കരിക്കുന്ന രീതിയില്‍ സംസാരിച്ചതാണ് വിവാദത്തിന് കാരണമായത്. ഈ ഷോയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നോഡല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍, ലൈംഗിക സമ്മതം, മരണപ്പെട്ട വ്യക്തികള്‍ എന്നിവരെക്കുറിച്ച് പൊതുജനമധ്യത്തില്‍ അശ്ലീലവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങളാണ് വീഡിയോയില്‍ ഉള്ളതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വിവാദ പരാമര്‍ശങ്ങള്‍
ഡേറ്റിങിന് ഒപ്പം വന്ന പെണ്‍കുട്ടിക്ക് ബിരിയാണി വാങ്ങിക്കൊടുത്ത പൈസ ‘മുതലാക്കാന്‍’ ലൈംഗികമായി ഉപയോഗിച്ചുവെന്നായിരുന്നു ഹിമാന്‍ഷു ജാംഗ്രയുടെ വെളിപ്പെടുത്തല്‍. ഒരു ഡേറ്റിങ്ങിനിടെ താന്‍ 370 രൂപ കൊടുത്ത് വാങ്ങിനല്‍കിയ ചിക്കന്‍ ബിരിയാണിക്ക് പകരമായി ശാരീരിക ബന്ധത്തിന് അവകാശമുണ്ടെന്ന രീതിയിലായിരുന്നു ഹിമാന്‍ഷു ജാംഗ്രയുടെ പരാമര്‍ശം. ഇത് സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതും ലൈംഗിക സമ്മതമെന്ന ആശയത്തെ നിസ്സാരവത്കരിക്കുന്നതുമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഈ പരാമര്‍ശം കേട്ട് കൊമേഡിയന്‍ പ്രാനിത് മോറെ ചിരിക്കുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു.
ഇതേ ഷോയില്‍ പങ്കെടുത്ത ഡോ. സെജല്‍ പവാര്‍ മെഡിക്കല്‍ പഠനത്തിനായി ഉപയോഗിക്കുന്ന പുരുഷന്മാരുടെ മൃതദേഹങ്ങളെക്കുറിച്ച് (cadavers) നടത്തിയ അശ്ലീല പരാമര്‍ശവും വലിയ പ്രതിഷേധത്തിന് കാരണമായി. പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ക്കിടയില്‍ പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ച് ഡോക്ടര്‍മാര്‍ തമാശ പറയാറുണ്ടെന്ന രീതിയിലായിരുന്നു ഇവരുടെ വാക്കുകള്‍. ഇത് മരണപ്പെട്ടവരോടുള്ള കടുത്ത അനാദരവാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഷോയ്ക്കിടെ പോസ്റ്റുമോര്‍ട്ടം അനുഭവങ്ങള്‍ പങ്കുവയ്ക്കാമോയെന്ന് പണിത് ചോദിച്ചു. പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ ഡോക്ടര്‍മാര്‍ ഗൗരവത്തിലായിരിക്കുമോ അതോ തമാശയൊക്കെ പറയാറുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി, താനും സഹപ്രവര്‍ത്തകരും പുരുഷന്‍മാരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ തമാശ പറയുമെന്നും അവരുടെ സ്വകാര്യ ഭാഗത്തിന്റെ വലിപ്പത്തെ കുറിച്ച് പറഞ്ഞ് ചിരിക്കുമെന്നുമായിരുന്നു സെജലിന്റെ മറുപടി.
മാപ്പപേക്ഷിച്ച് ഡോക്ടര്‍
സംഭവം വിവാദമായതോടെ ഡോ. സെജല്‍ പവാര്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി മാപ്പപേക്ഷിച്ചു. ‘ഞാന്‍ പറഞ്ഞതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നില്ല. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ഞാന്‍ ഉദ്ദേശിച്ച രീതിയിലല്ല എന്റെ വാക്കുകള്‍ വ്യാഖ്യാനിക്കപ്പെട്ടതെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല, ഇത് എന്റെ ആദ്യത്തെ സ്റ്റാന്‍ഡ്-അപ്പ് ഷോ ആയിരുന്നു,’ എന്ന് അവര്‍ പറഞ്ഞു. മൂന്ന് മാസം മുന്‍പ് നടന്ന ഷോയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിയമനടപടികള്‍
ഭാരതീയ ന്യായ സംഹിത (BNS), ഐടി ആക്ട് എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് പ്രാനിത് മോറെ, ഹിമാന്‍ഷു ജാംഗ്ര, സെജല്‍ പവാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മൊഴി രേഖപ്പെടുത്തുന്നതിനായി മഹാരാഷ്ട്ര സൈബര്‍ പോലീസിന് മുന്നില്‍ ഹാജരാകാന്‍ ഇവര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ രാജ്യത്തെ നിയമസംവിധാനങ്ങള്‍ പാലിക്കണമെന്ന് ഡിജിറ്റല്‍ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും ഉള്ളടക്ക നിര്‍മ്മാതാക്കള്‍ക്കും സൈബര്‍ പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഈ വിവാദ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നവര്‍ക്കെതിരെയും കടുത്ത നിയമനടപടികള്‍ ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതിഷേധം ശക്തമായതോടെ ഹിമാന്‍ഷു ജാംഗ്ര തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തു. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ (NCW) സ്വമേധയാ കേസെടുക്കുകയും ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് പ്രാനിത് മോറെയ്ക്കും ജാംഗ്രയ്ക്കും സമന്‍സ് അയക്കുകയും ചെയ്തിട്ടുണ്ട്.
Fresh controversy erupts over Pranit More stand-up show


