|
ചെറുതോണി: താഴ്ചയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും പുഴയില്‍ വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടുക്കി ചെറുതോണിയിലാണ് സംഭവം. ചെറുതോണി സ്വദേശിയായ അനു മഹാശ്വരനാണ് 70 മീറ്റര്‍ താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് പുഴയില്‍ വീണ ശേഷം രക്ഷപ്പെട്ടത്.
കഴിഞ്ഞദിവസം രാത്രി ചെറുതോണിയിലെ വീട്ടിലേക്ക് തങ്കമണിയില്‍ നിന്നും കാറില്‍ പോവുകയായിരുന്നു യുവതി. രാത്രി 7.30ഓടെ മരിയാപുരത്തിന് സമീപം കാര്‍ അപകടത്തില്‍പ്പെട്ടു. എതിര്‍ദിശയില്‍ നിന്നും അമിത വേഗത്തില്‍ എത്തിയ വാഹനം ഇടിക്കാന്‍ വന്നപ്പോള്‍ അനു കാര്‍ വെട്ടിക്കുകയായിരുന്നു.
ഇതോടെ കാര്‍ നിയന്ത്രണം വിട്ട് റോഡിന് വശത്തെ താഴ്ഭാഗത്തേക്ക് പതിച്ചു. കാര്‍ പലവട്ടം മലക്കം മറിഞ്ഞാണ് 70 അടി താഴ്ചയിലേക്ക് പതിച്ചത്. എന്നാല്‍ കാര്‍ പുഴയ്ക്ക് അടുത്ത് നിശ്ചലമായി. ഇതോടെ കാറില്‍ നിന്നും ആയാസപ്പെട്ട് പുറത്തിറങ്ങിയപ്പോഴാണ് അനു പുഴയില്‍ വീണത്.
കനത്ത മഴയെ തുടര്‍ന്ന് പുഴയില്‍ ശക്തമായ ഒഴുക്കായിരുന്നു. ഇതോടെ അനു 100 മീറ്ററോളം ഒഴുകിപ്പോയി. എന്നാല്‍ കരയ്ക്ക് കയറാനുള്ള ശ്രമത്തില്‍ പുഴയോരത്തെ പുല്ലില്‍ പിടികിട്ടി. ഇതില്‍ പിടിച്ച് കയറിയാണ് അനു ഒഴുക്കില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. മരിയാപുരം പ്രഥമികാരോഗ്യ കേന്ദ്രത്തിന് പിന്നിലായിരുന്നു അനു കരയ്ക്ക് കയറിയത്.
തൃശൂർ മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് മഹേശ്വരനാണ് ഭർത്താവ്. കാര്യമായ പരിക്കുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.



