കൊടും ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ പല നാടന്‍ വഴികളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പലതും എസി ഇല്ലാതെ മുറി തണുപ്പിക്കാനും മറ്റുമുള്ളതാണ്. എന്നാല്‍, ചൂടിനെ നേരിടാന്‍ ഒരു വിചിത്ര പോംവഴിയാണ് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ ഉപദേശിച്ചിരിക്കുന്നത്. ഉഷ്ണതരംഗത്തില്‍ നിന്ന് സ്വയം പരിരക്ഷ തേടാന്‍ ഒരു ഉള്ളി കീശയില്‍ കൊണ്ടുനടക്കാനാണ് മന്ത്രിയുടെ ഉപദേശം.
|
”ഞാന്‍ എന്റെ കാറില്‍ എ.സി ഉപയോഗിക്കാറില്ല. എയര്‍ കണ്ടീഷന്‍ ചെയ്ത അന്തരീക്ഷത്തില്‍ ഇരിക്കാറില്ല. മേയ്, ജൂണ്‍ മാസങ്ങളിലെ 51 ഡിഗ്രി ചൂടില്‍ പോലും നിങ്ങള്‍ എങ്ങനെ ഇത് തരണം ചെയ്യുന്നുവെന്ന് ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. എന്റേത് ‘മധ്യപ്രദേശിലെ ചമ്പല്‍ ത്വക്ക്’ ആണെന്നാണ് അതിനുള്ള ഉത്തരം. ഒരു കാര്യം കൂടി ഞാന്‍ നിങ്ങളോട് പറയട്ടെ? എന്നെ കാണാന്‍ ചെറുപ്പമായി തോന്നാം. പക്ഷേ എന്റെ ആത്മാവിന് വളരെ പ്രായമായിരിക്കുന്നു. ഈ ചൂടുകാലത്ത് നിങ്ങളുടെ പോക്കറ്റില്‍ ഒരു ഉള്ളി സൂക്ഷിക്കുക, നിങ്ങള്‍ക്ക് ഒരുചുക്കും സംഭവിക്കില്ല. ചൂടില്‍നിന്ന് രക്ഷതേടാന്‍ ആധുനിക കാലത്ത് എല്ലാവരും പെട്ടികള്‍ (എ.സി) കൊണ്ടുപോകുമ്പോള്‍, കേന്ദ്ര മന്ത്രി ഉള്ളിയാണ് കൊണ്ടുപോകുന്നത്. ഇവ പഴയ കാര്യങ്ങളാണ്. ആയുര്‍വേദം പുരോഗമിക്കുമ്പോള്‍, നമ്മള്‍ ഇവ മറക്കരുത്’ -മധ്യപ്രദേശിലെ ശിവപുരിയില്‍ നടന്ന പൊതുയോഗത്തില്‍ സിന്ധ്യ പറഞ്ഞു.
‘സ്‌കാര്‍ഫ് കൊണ്ട് തല മറക്കുകയും ദൈവ നാമം ഉച്ചരിച്ച് കീശയില്‍ ഒരു ഉള്ളി ഇടുകയും ചെയ്താല്‍ ജൂണില്‍ താപനില 52 ഡിഗ്രി വരെ ഉയര്‍ന്നാലും പ്രശ്‌നമാക്കേണ്ടതില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടി യുവാവ്
അടുത്ത മൂന്ന് ദിവസത്തേക്ക് വടക്കുപടിഞ്ഞാറന്‍, മധ്യ ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ ഉഷ്ണതരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ ‘കണ്ടുപിടിത്തം’. ഇന്നലെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പരമാവധി താപനില 40-46 ഡിഗ്രി സെല്‍ഷ്യസ് പരിധിയില്‍ എത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
ഡല്‍ഹിയില്‍ ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെ 42.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഉയര്‍ന്ന താപനില. സാധാരണയേക്കാള്‍ 3.1 ഡിഗ്രി കൂടുതലാണിത്. 26.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു കുറഞ്ഞ താപനില.
ഉഷ്ണതരംഗം കണക്കിലെടുത്ത് നിരവധി സംസ്ഥാനങ്ങളില്‍ സ്‌കൂള്‍ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍, ഉഷ്ണതരംഗ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇന്നുമുതല്‍ സ്‌കൂളുകളും അംഗന്‍വാടി കേന്ദ്രങ്ങളും അടച്ചിടും.





