16
May 2024
Sun
16 May 2024 Sun

സ്വീകരിക്കാന്‍ പതിനായിരങ്ങളെത്തി; തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് അല്ലു അര്‍ജുനെതിരെ കേസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുനും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.എല്‍.എ രവി ചന്ദ്ര കിഷോറിനുമെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചട്ടം മറികടന്നുകൊണ്ട് ആള്‍ക്കൂട്ടം സൃഷ്ടിച്ചു എന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്. തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് ഇരുവര്‍ക്കുമെതിരെ നന്ദ്യാല്‍ പോലീസ് ആണ് കേസെടുത്തത്. സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നടപടി.

കഴിഞ്ഞദിവസം രവി ചന്ദ്രയുടെ വസതിയില്‍ അല്ലു അര്‍ജുന്‍ സന്ദര്‍ശനം നടത്തിയിരുന്നു. എം.എല്‍.എയെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് അല്ലു അര്‍ജുനെ കാണാന്‍ നിരവധി ആരാധകരാണ് കാത്തുനിന്നിരുന്നത്.
ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. രവി ചന്ദ്രയെ കാണാനെത്തിയ വിവരം പിന്നീട് അല്ലു അര്‍ജുന്‍തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ആന്ധ്രാപ്രദേശില്‍ വരാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്ത് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കിയിട്ടും അല്ലു അര്‍ജുന്റെയും വൈഎസ്ആര്‍സിപി എംഎല്‍എയുടെയും വസതിയില്‍ വന്‍ പൊതുയോഗം നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. നന്ദ്യാല ആര്‍ഒയുടെ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് എംഎല്‍എ രവി ചന്ദ്ര അല്ലു അര്‍ജുനെയും ജനക്കൂട്ടത്തെയും ക്ഷണിച്ചതെന്നാണ് ആരോപണം.

‘ഞാന്‍ തനിച്ചാണ് ഇവിടെ വന്നത്. എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍, അവര്‍ ഏത് മേഖലയിലാണെങ്കിലും, അവര്‍ക്ക് എന്റെ സഹായം ആവശ്യമെങ്കില്‍ ഞാന്‍ അവരെ സഹായിക്കുകയും ചെയ്യും. ഞാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നില്ല എന്നല്ല ഇതിനര്‍ത്ഥം.- ആരാധകരുടെ തിരക്കിനിടയില്‍ റെഡ്ഡിയെ അദ്ദേഹത്തിന്റെ വസതിയില്‍ കണ്ട ശേഷം അല്ലു അര്‍ജുന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

case against allu arjun for violating poll code