ബെംഗളൂരു: കർണാടകയില്‍ വ്യവസായ മന്ത്രി മുരുഗേഷ് നിരാനിക്കെതിരെ കേസ്. മുധോൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫാക്ടറി സ്റ്റാഫ് ക്വാർട്ടേഴ്സിൽ നിന്ന് 21.45 ലക്ഷം രൂപയുടെ 963 പുരാതന വെളളി വിളക്കുകൾ പിടിച്ചെടുത്തതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. 28 കിലോഗ്രാം ഭാരമുള്ള വെള്ളി വിളക്കുകളാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ബാഗൽകോട്ട് ബിൽഗി മണ്ഡലത്തിൽ നിന്നുളള ബിജെപി സ്ഥാനാർഥി കൂടിയാണ് മുരുഗേഷ് നിരാനി.
|
വെള്ളിയാഴ്ച നിരാനിയുടെ പഞ്ചസാര ഫാക്ടറിയിൽ വെളളിക്ക് പുറമേ നിന്ന് 1.82 കോടി രൂപയും 45.25 ലക്ഷം രൂപയുടെ മയക്കുമരുന്നും പിടിച്ചെടുത്തിരുന്നു. പ്രതികൾ ബിജെപിക്കാരാണെന്നും നിരനി ഷുഗർ ഫാക്ടറി സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ നിന്നുള്ളവരാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മനോജ് കുമാർ മീണ പിടിഐയോട് പറഞ്ഞു. ഐപിസി 171 എച്ച് വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാടുകൾക്കാണ് മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാൻ മന്ത്രി തയ്യാറായിട്ടില്ല.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരുടെ സ്വത്തിൽ അഞ്ച് വർഷത്തിനുള്ളിൽ വൻ വർധനവ് ഉണ്ടായെന്ന വിവരങ്ങൾ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. ഇക്കൂട്ടത്തിൽ മുരുഗേഷ് നിരാനിയും ഉൾപ്പെട്ടിരുന്നു. മന്ത്രിയുടെ ജംഗമ ആസ്തി 16 കോടിയിൽ നിന്ന് 27.22 കോടി രൂപയായപ്പോൾ സ്ഥാവര സ്വത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 4.58 കോടിയിൽ നിന്ന് 8.6 കോടിയായി ഉയർന്നു. അദ്ദേഹത്തിന്റെ ഭാര്യ കമല നിരാനിയുടെ ജംഗമ ആസ്തി 2018ൽ 11.58 കോടിയിൽ നിന്ന് 38.35 കോടിയായും ഉയർന്നു.





