28
Nov 2023
Wed
28 Nov 2023 Wed

കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തി എന്ന പരാതിയിൽ റിപ്പോർട്ടർ ചാനലിനും മാധ്യമപ്രവർത്തക സുജയ പാർവതിക്കും എതിരെ കേസ്. തൃക്കാക്കര പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐപിസി ഐ.പി.സി 153 (സമൂഹത്തിൽ വിദ്വേഷം വളർത്തൽ), 153 എ (രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ വിദ്വേഷ പ്രചരണം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കളമശ്ശേരി സ്വദേശി യാസീൻ അറഫാത്തിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

നേരത്തെ, ഇതേ സംഭവവുമായി ബന്ധപ്പെട്ട് വിദ്വേഷം പ്രചരണം നടത്തിയതിന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ, ജനം ടിവി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ, മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ, ജനം ടിവി റിപ്പോർട്ടർ, പത്തനംതിട്ട സ്വദേശി റിവ ഫിലിപ്പ് എന്നിവർക്കെതിരെ കേസെടുത്തിരുന്നു. ഇതിൽ റിവ ഫിലിപ്പിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കൊച്ചി സിറ്റി പോലീസാണ് രാജീവിനെതിരെ കേസെടുത്തത്. ഐ.പി.സി 153, 153 എ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇതിൽ 153 എ ജാമ്യം കിട്ടാത്ത വകുപ്പാണ്. മുഖ്യമന്ത്രിയുൾപ്പടെ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. രാജീവ് ചന്ദ്രശേഖർ വിഷമല്ല, കൊടും വിഷമാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. രാജീവിനെതിരെ നിരവധി പരാതികൾ നിരവധി സ്റ്റേഷനുകളിൽ ലഭിച്ചിട്ടുണ്ട്.

അനില്‍ നമ്പ്യാര്‍ക്കെതിരെ എറണാകുളം റൂറല്‍ സൈബര്‍ പൊലീസാണ് കേസ് എടുത്തത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്‍ഷാദിന്റെ പരാതിയിലായിരുന്നു പൊലീസ് നടപടി.

കോട്ടയം കുമരകം പൊലീസാണ് ഷാജന്‍ സ്‌കറിയക്കെതിരെ കേസെടുത്തത്. മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് നടപടി. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വീഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷാജന്‍ സ്‌കറിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ഫോടനവുമായി ബന്ധപ്പെട്ട് വ്യാപക വിദ്വേഷ പ്രചരണമാണ് സംഘ്പരിവാർ കേന്ദ്രങ്ങളും അനുകൂലികളും നടത്തിയത്.