22
Sep 2022
Wed
22 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ഹൈലൈറ്റ് മാളിൽ സിനിമ പ്രമോഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവനടിമാർക്കു നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ കേസെടുത്തു. കോഴിക്കോട് പന്തീരാങ്കാവ് പൊലീസാണ് കേസെടുത്തത്. സിനിമാ നിർമാതാവിന്റേയും നടിമാരുടേയും പരാതിയിലാണ് നടപടി. കേസിൽ യുവനടിമാരുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

 

സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങൾ പരിശോധിച്ച് അതിക്രമം നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ മാളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ് എത്രയും വേഗം ഇവരെ പിടികൂടാനാണ് പൊലീസ് നീക്കം.

 

അതേസമയം, അതിക്രമത്തിനിരയായ നടിമാരില്‍ ഒരാള്‍ നിലവില്‍ കണ്ണൂരിലും മറ്റൊരാള്‍ കൊച്ചിയിലുമാണുള്ളത്. അതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്താനായി വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂരിലേക്കും കൊച്ചിയിലേക്കും തിരിച്ചിട്ടുണ്ട്.

 

ഇന്നലെ രാത്രി 9.30നു ശേഷമായിരുന്നു സംഭവം. ‘സാറ്റർഡേ നൈറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണ് യുവനടിമാരും സഹപ്രവർത്തകരും വൈകിട്ട് ഏഴിന് ഹൈലൈറ്റ് മാളിൽ എത്തിയത്. കവാടത്തിൽ വൻ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു

 

ഒമ്പതു മണിയോടെ പരിപാടി അവസാനിച്ച് സംഘം തിരിച്ചു പോവുന്നതിനിടിയിലാണ് ആൾക്കൂട്ടത്തിൽ നിന്ന യുവാവ് കയറിപ്പിടിച്ചത്. ജനങ്ങൾ തടിച്ചുകൂടിയ സാഹചര്യത്തിൽ ആരാധകരുടെ കണ്ണുവെട്ടിച്ച് മാളിന്റെ പിൻവശത്തെ ലിഫ്റ്റ് വഴി ഇറങ്ങാൻ പൊലീസ് നിർദേശിച്ചിരുന്നു. ഇതുവഴി പോകുന്നതിനിടയിൽ വരാന്തയിൽ നിന്നാണ് അതിക്രമം ഉണ്ടായത്. ഇതോടെ അതിക്രമം കാട്ടിയ ഒരാളെ നടിമാരില്‍ ഒരാള്‍ തല്ലുകയും ചെയ്തു.

 

ഉടനെ സഹപ്രവർത്തകർ ഇവരെ സ്ഥലത്തു നിന്നു മാറ്റി. കൂടെയുണ്ടായിരുന്ന നടിക്കും ഇതേ അനുഭവം ഉണ്ടായി. ഈ നടി തനിക്കുണ്ടായ ദുരനുഭവം പിന്നീട് ഫേസ്ബുക്കിൽ പങ്കുവച്ചു. താൻ ഒത്തിരി ഇഷ്ടപ്പെടുന്ന സ്ഥലമാണ് കോഴിക്കോട്. പക്ഷെ പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ അവിടെ നിന്നൊരാൾ തന്നെ കയറിപ്പിടിച്ചു. എവിടെ എന്ന് പറയാൻ എനിക്ക് അറപ്പ് തോന്നുന്നു. ഇത്ര ഫെസ്ട്രേറ്റഡ് ആയിട്ടുള്ളവർ ആണോ നമ്മുടെ ചുറ്റും ഉള്ളവർ?- നടി ചോദിച്ചു.

 

പ്രമോഷന്റെ ഭാഗമായി ഞങ്ങൾ ടീം മുഴുവൻ പലയിടങ്ങളിൽ പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു വൃത്തികെട്ട അനുഭവം ഉണ്ടായതെന്നും നടി പ്രതികരിച്ചു. തന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവർത്തകക്കും ഇതേ അനുഭവം ഉണ്ടായി. അവർ അതിന് പ്രതികരിച്ചു. പക്ഷെ തനിക്ക് അതിന് ഒട്ടും പറ്റാത്ത സാഹചര്യം ആയി പോയി. ഒരു നിമിഷം ഞാൻ മരവിച്ചു പോയി- നടി പോസ്റ്റിൽ പറയുന്നു. സംഭവത്തിൽ നടി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്.