28
Oct 2023
Tue
28 Oct 2023 Tue

കോഴിക്കോട്: കോഴിക്കോട് ലോ കോളജിൽ വിദ്യാർഥിക്കെതിരെ ജാതി അധിക്ഷേപം. എല്‍എല്‍ബി മൂന്നാം വർഷ വിദ്യാർഥിയാണ് അധിക്ഷേപത്തിനിരയായത്. സംഭവത്തിൽ മൂന്നു വിദ്യാർഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സെപ്തംബർ ഏഴിന് കോളജ് ഹോസ്റ്റലിലെ കാന്റീനിൽ വച്ചായിരുന്നു അധിക്ഷേപം. ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ ജാതി അധിക്ഷേപം നടത്തിയന്നാണ് പരാതി.

തുടർന്ന് അധിക്ഷേപത്തിനിരയായ വിദ്യാർഥി ഇതേ ബാച്ചിലെ വിദ്യാർഥികളായ അഭിഷേക്, അരുൺ, അഞ്ചാം വർഷ വിദ്യാർഥി മനു വിജയന്‍ എന്നിവർക്കെതിരെ കോളജ് അധികൃതർക്ക് പരാതി നൽകി. എന്നാൽ അധികൃതർ കുറ്റക്കാരായ വിദ്യാർഥികള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും പരാതി പൊലീസിന് കൈമാറാന്‍ വൈകിയെന്നും കെഎസ്‌യു പ്രവർത്തകർ ആരോപിക്കുന്നു.

തുടർന്ന് വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ, മൂന്നു വിദ്യാർഥികളെ പ്രതി ചേർത്ത് ചേവായൂർ പൊലീസ് കേസെടുത്തു. ഇവര്‍ക്കെതിരെ പട്ടികജാതി- വർഗ വിഭാ​ഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. പ്രതികളായ മൂന്നുപേരും എസ്എഫ്ഐ പ്രവർത്തകരാണെന്ന് കെഎസ്‌യു ആരോപിച്ചു.

കുറ്റക്കാർക്കെതിരെ കോളജ് തലത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു നിരാഹാര സമരത്തിലാണ്. എന്നാൽ പരാതി ലഭിച്ച ഉടൻതന്നെ പോലീസിന് കൈമാറിയിട്ടുണ്ടെന്നും വിഷയത്തിൽ അലംഭാവം ഉണ്ടായിട്ടില്ലെന്നുമാണ് കോളജ് അധികൃതരുടെ വാദം.