27
Jul 2024
Mon
27 Jul 2024 Mon
Mahua Moitra vs Rekha Sharma

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ തീപ്പൊരി പ്രസംഗങ്ങളിലൂടെ സര്‍ക്കാരിന് അലോസരം സൃഷ്ടിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്കെതിരെ വീണ്ടും കേന്ദ്രം.(Center again against Mahua Moitra; Case alleging insulting the chairperson of the Women’s Commission )  ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് മഹുവ മൊയ്ത്രയ്ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. രേഖ ശര്‍മക്കെതിരെ മഹുവ എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോസ്റ്റുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പിന്നീട് ഡല്‍ഹി പൊലീസിനും അവര്‍ പരാതി നല്‍കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് മഹുവ നടത്തിയതെന്നാണ് വനിതാ കമ്മീഷന്റെ ആരോപണം.

ഹത്രാസിലെത്തിയ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയ്ക്ക് ഒരാള്‍ കുട പിടിച്ച് കൊടുത്തതിനെ വിമര്‍ശിച്ചായിരുന്നു മഹുവ രംഗത്തെത്തിയത്. ബോസിന്റെ വസ്ത്രം താങ്ങി നടക്കുന്നതിന്റെ തിരക്കിലാണ് രേഖ ശര്‍മയെന്നാണ് എക്സില്‍ പങ്കുവെച്ച വീഡിയോക്ക് താഴെ മഹുവ കമന്റിട്ടത്.

വനിതാ കമ്മീഷന്‍ പരാതി കൊടുത്തതിന് പിന്നാലെ, തനിക്കേതിരേ അടിയന്തരമായി നടപടിയെടുക്കാന്‍ മഹുവ ഡല്‍ഹി പൊലീസിനെ വെല്ലുവിളിച്ചിരുന്നു. താന്‍ ബംഗാളിലെ നാദിയയില്‍ ഉണ്ടാകും. മൂന്ന് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്നാണ് ഡല്‍ഹി പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് മഹുവ എക്സില്‍ കുറിച്ചത്.

മോദി സര്‍ക്കാരിന്റെ രണ്ടാം ടേമില്‍ ലോക്‌സഭയില്‍ ചോദ്യമുന്നയിക്കുന്നതിന് പണം വാങ്ങിയെന്നാരോപിച്ച് മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും അയോഗ്യയാക്കുകയും ചെയ്തിരുന്നു. അദാനിക്കെതിരേ ചോദ്യമുന്നയിച്ചതിനായിരുന്നു നടപടി. അദാനിക്കെതിരേ ചോദ്യമുന്നയിക്കുന്നതിന് വ്യാപാരിയായ ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണം വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാല്‍, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹുവ വീണ്ടും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ മോദിക്കെതിരേ ആഞ്ഞടിച്ച് മഹുവ നടത്തിയ പ്രസംഗം വലിയ കൈയടി നേടിയിരുന്നു.