|
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ റെയ്ഡ് നടത്താനും നേതാക്കളെ അറസ്റ്റ് ചെയ്യാനുമായി നാലു മാസം മുമ്പേ കേന്ദ്രത്തില്‍ ആസൂത്രണം നടന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കേരളാ പൊലീസിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സെപ്തംബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎന്‍എസ് വിക്രാന്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ‘ഓപ്പറേഷൻ മിഡ്നൈറ്റ്’ എന്നാണ് രാജ്യവ്യാപകമായ ഈ റെയ്ഡിനേയും അറസ്റ്റിനേയും ഉദ്യോഗസ്ഥർ വിളിക്കുന്നതെന്നും വിവരമുണ്ട്.
പിന്നീട് കേരളത്തില്‍ നിന്നും മുംബൈയിലേക്ക് തിരിച്ച അജിത് ഡോവല്‍ മഹാരാഷ്ട്ര ഗവര്‍ണറുടെ വസതിയില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഈ കൂടിക്കാഴ്ചകളെല്ലാം ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശ പ്രകാരമാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോപുലര്‍ ഫ്രണ്ടിനെതിരായ നടപടിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെപ്തംബര്‍ 19ന് ഇഡി, ഇന്റലിജന്‍സ് ബ്യൂറോ, എന്‍ഐഎ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിരുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
അതീവ രഹസ്യമായിട്ടായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. തടസം സൃഷ്ടിക്കാന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പറ്റാത്ത വിധത്തിലാണ് ‘ഓപ്പറേഷന്‍ മിഡ്‌നൈറ്റ്’ നടത്തിയത്. ഇതിനായി ആറ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. എല്ലാ നടപടികളും പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥരെല്ലാം ഓഫീസുകളിലേക്ക് മടങ്ങുകയായിരുന്നു. നാല് ഐജി, എഡിജിപി, 16 എസ്പിമാര്‍ ഉള്‍പ്പെടെ 200 എന്‍ഐഎ ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. പിടികൂടാനിരുന്ന എല്ലാ നേതാക്കളും ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ മാസം 22ന് പുലര്‍ച്ചെ നാലിനായിരുന്നു കേരളമടക്കം 13 സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ, ഇഡി സംയുക്ത റെയ്ഡ് നടത്തിയത്. കേരളത്തില്‍ നിന്ന് 25 പേരടക്കം ഇന്ത്യയൊട്ടാകെ 106 നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്.



