തിരുവനന്തപുരം: ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിയിലേക്ക് പ്രതിദിനം അയക്കപ്പെടുന്ന 2.5 ബില്യണിലധികം (250 കോടി) ചോദ്യങ്ങള്‍ (പ്രോംപ്റ്റുകള്‍). (Chat GPT faces 2.5 billion queries daily; mostly from the US) ഇതില്‍ 330 ദശലക്ഷം (33 കോടി) ചോദ്യങ്ങള്‍ മാത്രം അമേരിക്കയില്‍ നിന്നാണ് വരുന്നത് എന്ന് ആക്‌സിയോസ് റിപോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന എഐ ചാറ്റ്ബോട്ടുകളില്‍ ഒന്നാണ് ചാറ്റ് ജിപിടി.
|
ആക്‌സിയോസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ചാറ്റ്ജിപിടി ദിവസവും ദശലക്ഷക്കണക്കിന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നുണ്ട്. ഡിസംബറില്‍ ന്യൂയോര്‍ക്ക് ടൈംസ് ഡീല്‍ബുക്ക് ഉച്ചകോടിയില്‍ ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ പറഞ്ഞത്, ചാറ്റ്ജിപിടി പ്രതിദിനം 1 ബില്യണ്‍ പ്രോംപ്റ്റുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ്. ഇപ്പോള്‍ അത് ഇരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ഏകദേശം 10 ശതമാനം ആളുകള്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നുണ്ടെന്ന് സാം ആള്‍ട്ട്മാന്‍ വെളിപ്പെടുത്തി. ഡിസംബറില്‍ ചാറ്റ്ജിപിടിക്ക് പ്രതിവാരം 300 ദശലക്ഷം ഉപയോക്താക്കളുണ്ടായിരുന്നു. മാര്‍ച്ചോടെ ഈ സംഖ്യ 500 ദശലക്ഷമായി വര്‍ധിച്ചു. മെയ് മാസത്തില്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദൈനംദിന സജീവ ഉപയോക്താക്കളുടെ എണ്ണം നാലിരട്ടിയായി വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഗൂഗിളിന്റെ ദൈനംദിന സെര്‍ച്ചുകളുടെ അഞ്ചിലൊന്ന് ഇപ്പോള്‍ ചാറ്റ്ജിപിടി കൈകാര്യം ചെയ്യുന്നു. ഇത് 1416 ബില്യണ്‍ അന്വേഷണങ്ങളാണ്. ലിങ്കുകള്‍ നല്‍കുന്ന പരമ്പരാഗത സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് വ്യത്യസ്തമായി ചാറ്റ്ജിപിടി നേരിട്ടുള്ള സംഭാഷണപരമായ പ്രതികരണങ്ങള്‍, സംഗ്രഹങ്ങള്‍, കോഡിംഗ്, എഴുത്ത് തുടങ്ങിയ ജോലികളില്‍ സഹായം തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു.
ചാറ്റ്ജിപിടി പ്ലസിന്റെ പണമടച്ചുള്ള പതിപ്പും ലഭ്യമാണെങ്കിലും മിക്ക ആളുകളും ഇപ്പോഴും സൗജന്യ പതിപ്പാണ് ഉപയോഗിക്കുന്നത്. ഇതിന് കാരണം അതിന്റെ ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസും നിരവധി സവിശേഷതകളുമാണ്. ചാറ്റ്ജിപിടിയുടെ സഹായത്തോടെ പഠനം മുതല്‍ ഓഫീസ് ജോലി വരെ പലരും ചെയ്യുന്നു.
ഭാവിയില്‍ വെറും ചോദ്യോത്തരങ്ങളില്‍ മാത്രം ഒതുങ്ങാന്‍ ഓപ്പണ്‍എഐ ആഗ്രഹിക്കുന്നില്ല. ഗൂഗിള്‍ ക്രോമുമായി നേരിട്ട് മത്സരിക്കുന്ന ഒരു എഐ പവേര്‍ഡ് വെബ് ബ്രൗസര്‍ കൊണ്ടുവരാന്‍ ഓപ്പണ്‍എഐ ഇപ്പോള്‍ തയ്യാറെടുക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഇതിനുപുറമെ ഓപ്പണ്‍എഐ അടുത്തിടെ ചാറ്റ് ജിപിടി ഏജന്റ് എന്ന പുതിയ ടൂള്‍ പുറത്തിറക്കി. ഉപയോക്താവിന്റെ കമ്പ്യൂട്ടറിലെ ജോലികള്‍ സ്വന്തമായി പൂര്‍ത്തിയാക്കാന്‍ ഇതിന് കഴിയും. പൂര്‍ണമായും സ്വയം നിയന്ത്രിതമാണ് ഈ ടൂള്‍. അതായത് ഉപയോക്താവ് കമാന്‍ഡുകള്‍ തുടര്‍ച്ചയായി നല്‍കേണ്ടതില്ല എന്നര്‍ഥം.


