02
Nov 2026
Mon
02 Nov 2026 Mon
donald trump

നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുത്താൽ അവരുടെ ബില്ലുകളെല്ലാം വീറ്റോ ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ജനപ്രതിനിധിസഭയിലോ സെനറ്റിലോ ഭൂരിപക്ഷം നഷ്ടമായാൽ താൻ ‘മിസ്റ്റർ വീറ്റോ’ ആയി മാറുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. ഡെമോക്രാറ്റുകൾ നിയന്ത്രിക്കുന്ന കോൺഗ്രസ് പാസാക്കുന്ന ബില്ലുകൾ താൻ അംഗീകരിക്കില്ലെന്നും തുടർച്ചയായി വീറ്റോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നോ രണ്ടോ മാസം ഇത്തരത്തിൽ ബില്ലുകൾ തള്ളുന്നതോടെ സമയം പാഴാകുമെന്ന് തിരിച്ചറിയുന്ന ഡെമോക്രാറ്റുകൾ ഒടുവിൽ ചർച്ചകൾക്ക് തയ്യാറാകുമെന്നും അപ്പോൾ ധാരണയിലെത്താൻ കഴിയുമെന്നുമാണ് ട്രംപിന്റെ കണക്കുകൂട്ടൽ.

റിപ്പബ്ലിക്കൻ പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അങ്ങനെ സംഭവിച്ചാൽ ഈ സാഹചര്യം ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. രണ്ടാം പ്രസിഡൻറ് കാലയളവിൽ ഇതുവരെ രണ്ടുതവണ മാത്രമാണ് അദ്ദേഹം വീറ്റോ അധികാരം ഉപയോഗിച്ചിട്ടുള്ളത്. ആദ്യ ഭരണകാലത്ത് പത്ത് ബില്ലുകൾ വീറ്റോ ചെയ്തിരുന്നു.

കോൺഗ്രസ് പാസാക്കുന്ന ബില്ലുകൾ പ്രസിഡന്റിന് നിരസിക്കാനുള്ള അധികാരമാണ് വീറ്റോ. എന്നാൽ ജനപ്രതിനിധിസഭയിലും സെനറ്റിലും മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ലഭിച്ചാൽ പ്രസിഡന്റിന്റെ വീറ്റോ മറികടന്ന് ബിൽ നിയമമാക്കാൻ കഴിയും.

അഭിമുഖത്തിൽ മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ആഗ്രഹവും ട്രംപ് പ്രകടിപ്പിച്ചു. അവസരം ലഭിച്ചാൽ വീണ്ടും മത്സരിക്കാൻ താൽപര്യമുണ്ടെങ്കിലും ഭരണഘടനയിലെ 22-ാം ഭേദഗതി അതിന് തടസ്സമാണെന്ന് അദ്ദേഹം സമ്മതിച്ചു. ഒരാൾക്ക് രണ്ടുതവണയിൽ കൂടുതൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാൻ കഴിയില്ലെന്നാണ് ഈ ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.

നവംബർ മൂന്നിനാണ് അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്. ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളിൽ 35 എണ്ണത്തിലേക്കുമാണ് മത്സരം. നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ജനപ്രതിനിധിസഭയിൽ നേരിയ ഭൂരിപക്ഷം. സഭയുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ഡെമോക്രാറ്റുകൾക്ക് മൂന്ന് സീറ്റുകൾ കൂടി നേടണം.

ALSO READ: മാപ്പ് പറഞ്ഞിട്ടു കാര്യമില്ല; ഷാജൻ സ്‌കറിയയ്‌ക്കെതിരായ അപകീർത്തി കേസിൽ ഒത്തുതീർപ്പിനില്ലെന്ന് ലുലു ഗ്രൂപ്പ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക