കോഴിക്കോട് ചേന്ദമംഗല്ലൂരിൽ മിനി പഞ്ചാബിലെ പള്ളിയിലെ സിനിമാ ചിത്രീകരണത്തിനെതിരേ അതിക്രമം. ഷൂട്ടിങ്ങിനായി തയ്യാറാക്കിയ അലങ്കാര ബൾബുകൾ ഉൾപ്പെടെ അരീക്കോട് മൈത്ര സ്വദേശി ഷബീർ കൊറാലിയാടാനും സംഘവും ചേർന്ന് നശിപ്പിച്ചു. ഭരതന്നൂർ ഷമീർ സംവിധാനം ചെയ്യുന്ന ‘അനക്കെന്തിന്റെ കേടാ?’ സിനിമയുടെ സെറ്റിലാണ് അതിക്രമം ഉണ്ടായത്. അക്രമത്തെ തുടർന്ന് സിനിമയുടെ ഷൂട്ടിങ് നിർത്തിവച്ചു.
|
പള്ളിക്കമ്മിറ്റിയുടെ അനുവാദത്തോടെയുള്ള ഷൂട്ടിങ്ങിനിടയിലാണ് ഷബീറും സംഘവും ചേർന്ന് അക്രമം തുടങ്ങിയത്. സിനിമ പ്രവർത്തകർക്ക് സംരക്ഷണം നൽകാൻ ശ്രമിച്ച പള്ളിഭാരവാഹികളെ ഷബീറും കൂട്ടാളിയും അസഭ്യംപറയുകയും ചെയ്തു.
ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ റോഡിലൂടെ പോവുകയായിരുന്ന രണ്ടുപേർ പള്ളിയിൽ ചിത്രീകരണം അനുവദിക്കില്ലെന്ന് പറഞ്ഞ് ഷൂട്ടിങ് സെറ്റിൽ കയറി അതിക്രമം കാണിച്ചെന്നാണ് സംവിധായകൻ പറയുന്നത്. പള്ളി അധികൃതരുടെ അനുമതി വാങ്ങിയാണ് ചിത്രീകരണം തുടങ്ങിയതെന്നും അക്രമം നടത്തിയവരെ പരിചയമില്ലെന്നും സംവിധായകൻ പറഞ്ഞു.
പള്ളി ഭാരവാഹികൾ അക്രമികളെ തടയുകയും ഷൂട്ടിങ് തുടരാൻ അനുവദിക്കുകയും ചെയ്തു. പള്ളി ഭാരവാഹികളുടെയും നാട്ടുകാരുടെയും പിന്തുണയോടെയാണ് ഷൂട്ടിങ് പുനരാരംഭിച്ചത്. പൊലീസിന്റെ സംരക്ഷണത്തിലാണ് ഇപ്പോൾ ഷൂട്ടിങ് തുടരുന്നത്.



