25
Nov 2024
Sun
25 Nov 2024 Sun

പാലക്കാട്: മുസ്ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാണക്കാട്ടെ മുമ്പുള്ള തങ്ങള്‍മാരെ പോലെയല്ല സാദിഖലി ശിഹാബ് തങ്ങള്‍ പെരുമാറുന്നതെന്നും മുമ്പുള്ളവര്‍ എല്ലാ വിഭാഗം ആളുകളുടെയും ആദരവ് പിടിച്ചുപറ്റിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയെപ്പോലെ പ്രവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടയിലായിരുന്നു സാദിഖലി തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരാളുടെ കോണ്‍ഗ്രസ് പ്രവേശനത്തെ വലതുപക്ഷ മാധ്യമങ്ങള്‍ മഹത്വവത്കരിക്കുന്നുവെന്നാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ അമര്‍ഷം മറികടക്കാന്‍ സന്ദീപ് പാണക്കാട് പോകുന്നു. സന്ദീപിന്റെ ഇന്നലെ വരെയുള്ള കാര്യങ്ങള്‍ ലീഗ് അണികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അറിയാം. സന്ദീപിനെ മഹാത്മാവാക്കുന്നത് ജാള്യത മറയ്ക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

സന്ദീപ് വാര്യര്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണാന്‍ പോയ വാര്‍ത്ത കണ്ടു. അത് കണ്ടപ്പോള്‍ പണ്ടത്തെ ഒറ്റപ്പാലത്തെ തിരഞ്ഞെടുപ്പാണ് ഓര്‍മ വന്നത്. ബാബറി മസ്ജിദ് തകര്‍ത്ത ശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു അത്. ആ തിരഞ്ഞപ്പെടുപ്പില്‍ ബാബറി മസ്ജിദ് വിഷയം ഉയര്‍ന്നുനിന്നിരുന്നു. മസ്ജിദ് തകര്‍ത്തത് ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ആയിരുന്നു. ആ സംഘത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്നു. സ്വാഭാവികമായും വലിയ പ്രതിഷേധം ഉണ്ടായി. അന്ന് ശക്തമായ ഒരു വികാരം ഉയര്‍ന്നുവന്നു. അതിന് കൂട്ടുനിന്ന കോണ്‍ഗ്രസിനെതിരെയും വികാരം ഉയര്‍ന്നുവന്നു. ആ ഘട്ടത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം മന്ത്രിസഭയില്‍ മുസ്ലീം ലീഗ് ഇരിക്കുകയായിരുന്നു. ഇവിടെയും അത് വലിയ അമര്‍ഷം സൃഷ്ടിച്ചു. ബാബറി മസ്ജിദ് വിഷയത്തില്‍ പ്രതിഷേധിക്കണമെന്ന ആവശ്യം ലീഗ് അണികള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്നു. പക്ഷേ മന്ത്രി സ്ഥാനം വളരെ പ്രധാനമായി അവര്‍ കണ്ടു. അങ്ങനെ ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് കൂട്ടുനിന്ന കോണ്‍ഗ്രസിന്റെ കൂടെ അന്ന് മുസ്ലീം ലീഗ് നിലകൊണ്ടു. ഇതില്‍ വ്യാപകമായ അമര്‍ഷം ലീഗ് അണികളില്‍ ഉണ്ടായി. അപ്പോഴാണ് ഒറ്റപ്പാലം തിരഞ്ഞെടുപ്പ് വന്നത്. അന്നത്തെ പാണക്കാട് തങ്ങള്‍ എല്ലാവരും ബഹുമാനിക്കുന്ന ഒരാള്‍ ആയിരുന്നു. ഇപ്പോഴത്തെ സാദിഖ്ലി ശിഹാബ് തങ്ങളെ പോലെയല്ല. അദ്ദേഹം ലീഗ് അണികളെ തണുപ്പിക്കാന്‍ എത്തി. പക്ഷേ തങ്ങളെ കാണാന്‍ ആരും വന്നില്ല. ലീഗ് അണികള്‍ ബാബറി മസ്ജിദ് വിഷയത്തില്‍ പ്രതിഷേധിച്ചു. ആ പ്രതിഷേധം അന്ന് എന്തിന്റെ ഭാഗമായിരുന്നു. ലീഗിന് ശരിയായ നിലപാട് എടുക്കാന്‍ കഴിയാത്തത് കൊണ്ടായിരുന്നു. കോണ്‍ഗ്രസിനോട് കൂടെ നിന്ന് അതിന്റെ ഭാഗമായി കോണ്‍ഗ്രസ് കാണിച്ച തെറ്റായ നിലപാട് ലീഗ് എതിര്‍ക്കാത്തത് കൊണ്ടാണ് ആ പ്രതിഷേധം നടന്നത്. ഇപ്പോള്‍ ഒരാള്‍ വന്നപ്പോള്‍… ഇദ്ദേഹം ഇന്നലെ വരെ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് അറിയാമല്ലോ? അതിന്റെ അമര്‍ഷവും പ്രതിഷേധവും പാണക്കാട് പോയി രണ്ട് വര്‍ത്തമാനം പറഞ്ഞാല്‍ തണുപ്പിക്കാന്‍ കഴിയുമോ? അതിന് വേണ്ടിയാണ് ഇതെന്ന് കണ്ടാല്‍ മനസിലാകും- മുഖ്യമന്ത്രി വ്യക്തമാക്കി.