27
May 2026
Wed
27 May 2026 Wed
CMRL EXALOGIC CASE

CMRL – Exalogic Case കഴിഞ്ഞ ഇടതുപക്ഷ ഭരണത്തെ പിടിച്ചുലച്ച ഒന്നായിരുന്നു പിണറായി വിജയന്റെ മകള്‍ വീണ വിജയന് മേല്‍ ചുമത്തപ്പെട്ട മാസപ്പടി ആരോപണം. പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയ വിഷയത്തില്‍ വലിയ തോതില്‍ ചര്‍ച്ചകളും നിയമയുദ്ധങ്ങളും നടന്നുവെങ്കിലും കേസില്‍ പിണറായിയെയോ മകളെയോ തൊടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇഡി അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കിയതിന് പിന്നാലെ ഇന്ന് രാവിലെ നടത്തിയ ഇഡി റെയ്ഡ് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും കരിമണല്‍ ഖനന കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡും (സിഎംആര്‍എല്‍) ഉള്‍പ്പെട്ടതാണ് മാസപ്പടി കേസ്. എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനിക്ക് ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്‍ വലിയ തുക പ്രതിഫലം നല്‍കിയെന്നാണ് കേസ്. ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.

നിയമവിരുദ്ധമായി പരിസ്ഥിതി മലിനീകരണം സൃഷ്ടിച്ച് കരിമണല്‍ ഖനനം നടത്തുന്ന സിഎംആര്‍എല്‍ കമ്പനി അവരുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് വേണ്ടി കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയിരുന്നു. ഇതില്‍ യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കളും ബിജെപിയും ഉള്‍പ്പെട്ടിരുന്നു.

ALSO READ: ഇഡി റെയ്ഡിന് പിന്നില്‍ ബിജെപിയും കോണ്‍ഗ്രസും യോജിച്ചുള്ള ഓപ്പറേഷന്‍: പി ജയരാജന്‍

അതില്‍ ഏറ്റവും കൂടുതല്‍ പണം നല്‍കിയിരുന്നത് പിണറായി വിജയനാണെന്നാണ് ആരോപണം. കൂടാതെ, മുഖ്യമന്ത്രിയുടെ മകളെന്ന പേരില്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജികിന് മാസാമാസം 1.72 കോടി രൂപ നല്‍കിയിരുന്നതായും കണ്ടെത്തി. 2019 ജനുവരിയില്‍ ആദായ നികുതി വകുപ്പ് സിഎംആര്‍എല്ലില്‍ നടത്തിയ റെയ്ഡില്‍ 132.82 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇതില്‍ 1.72 കോടി രൂപയാണ് വീണ വിജയന്റെയും എക്‌സാലോജിക് കമ്പനി അക്കൗണ്ടിലേക്കും എത്തിയത്.

കേസിന്റെ നാള്‍വഴികള്‍

മാസപ്പടി വിവാദത്തില്‍ ഇപ്പോള്‍ ബിജെപി നേതാവായ ഷോണ്‍ ജോര്‍ജാണ് ആദ്യമായി നിയമപോരാട്ടവുമായി രംഗത്തെത്തിയത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സമീപിച്ചതും ഇദ്ദേഹമാണ്. ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതികളെ തുടര്‍ന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം എസ്എഫ്‌ഐഒ അന്വേഷണത്തിന് ഉത്തരവിട്ടു. കേസില്‍ വീണ വിജയനെ പതിനൊന്നാം പ്രതിയാക്കി.

തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചു. പ്രാഥമിക തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളി. 2019 ജനുവരി 25-ന് ആദായനികുതി വകുപ്പ് സിഎംആര്‍എല്‍ കമ്പനിയുടെ ഓഫീസുകളിലും ഉന്നത ഉദ്യോഗസ്ഥരുടെയും വസതികളിലും നടത്തിയ റെയ്ഡില്‍ കേസിന് അടിസ്ഥാനമായ കണ്ടെത്തലുകള്‍ പുറത്ത് വന്നു.

ALSO READ: മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി റെയ്ഡ്

ചെലവുകള്‍ വ്യാജമായി വര്‍ധിപ്പിച്ച് കാണിച്ച് കമ്പനി 133.82 കോടി മുതല്‍ 182 കോടി വരെ രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. നിയമവിരുദ്ധമായി സമാഹരിച്ച ഈ കള്ളപ്പണം കേളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിതരണം ചെയ്തതായി കണ്ടെത്തി. ഇതില്‍ പ്രധാനപ്പെട്ട വിഹിതം വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്കാണ് ലഭിച്ചത്. കമ്പനിക്ക് എന്തിനാണ് സിഎംആര്‍എല്‍ ഇത്രയും വലിയ തുക നല്‍കിയതെന്ന ചോദ്യമാണ് ഇടതു സര്‍ക്കാരിനെ സംശയനിഴലിലാക്കിയത്.

എക്‌സാലോജിക്കിലേക്ക് ഒഴുകിയ കോടികള്‍

ആലപ്പുഴയിലെ തീരദേശങ്ങളില്‍ കരിമണല്‍ ഖനനം നടത്താന്‍ സിഎംആര്‍എല്‍ ഒരുങ്ങിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ഈ ഘട്ടത്തില്‍ പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടുകൊണ്ട് റവന്യൂ വകുപ്പിനോട് കമ്പനിയുടെ പ്രൊമോട്ടറായ എസ്. ശശിധരന്‍ കര്‍ത്തയുടെ അപേക്ഷ പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടതായി ആരോപണമുയര്‍ന്നിരുന്നു.

പിന്നാലെ വീണയുടെ സ്ഥാപനത്തിന് സിഎംആര്‍എല്ലില്‍ ഐടി, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റായി നിയമനം ലഭിച്ചതും വിവാദമായി. 2017 മാര്‍ച്ച് 2-ന് എക്സാലോജിക് കമ്പനിയുമായി പ്രതിമാസം 3 ലക്ഷം രൂപയുടെ സോഫ്‌റ്റ്വെയര്‍ പരിപാലന കരാറിലും ഏര്‍പ്പെട്ടിരുന്നു.

2019 ജനുവരി 25ന് സിഎംആര്‍എല്‍ ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ 133.82 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. കൂടാതെ വീണ വിജയന് ലഭിച്ച പണത്തിന്റെ രേഖകളും പിടിച്ചെടുത്തിരുന്നു. 2023ല്‍ വീണ വിജയനും എക്‌സാലോജിക്കിനും നല്‍കിയ 1.72 കോടി രൂപ ബിസിനസ്സ് ചിലവല്ലെന്നും, യാതൊരു സേവനവും നല്‍കാതെ വാങ്ങിയ നിയമവിരുദ്ധ പണമാണെന്നും വിധിച്ചു. 2024ല്‍ എക്‌സാലോജിക് കമ്പനി, കമ്പനീസ് നിയമത്തിലെ സെക്ഷന്‍ 188, സെക്ഷന്‍ 448 എന്നിവ ലംഘിച്ചതായി കണ്ടെത്തുകയും ഇഡി, സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്തു.

ഇതിനിടെ SFIO അന്വേഷണ ഉത്തരവ് ചോദ്യം ചെയ്ത് എക്‌സാലോജിക് റിട്ട് ഹര്‍ജി നല്‍കിയെങ്കിലും കോടതി അത് തള്ളുകയും അന്വേഷണവുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കുകയും ചെയ്തു. 2026 മെയ് 26ന് ഇഡി അന്വേഷണം റദ്ദാക്കണമെന്ന കമ്പനിയുടെ ഹര്‍ജി ജസ്റ്റിസ് ടി.ആര്‍. രവി തള്ളുകയും ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ പൂര്‍ണ്ണ അനുമതി നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.