ഷാർജ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ ‘ഗൾഫ് മാധ്യമം കമോൺ കേരള’യുടെ അഞ്ചാം എഡിഷൻ മെയ് 19, 20, 21 തീയതികളിൽ ഷാർജ എക്സ്പോ സെൻററിൽ നടക്കും. യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഒരുക്കുന്ന മേളയുടെ മുന്നോടിയായി മേയ് 18ന് ഷാർജ ചേംബർ ഓഫ് കൊമേഴ്സിൽ ഇൻവസ്റ്റ്മെൻറ് സമ്മിറ്റും നടക്കും. ഷാർജ ചേംബർ ഓഫ് കൊമേഴ്സിൻറെയും ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെൻറ് അതോറിറ്റിയുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മേളയുടെ ഒരുക്കം പൂർത്തിയായതായി ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ ഹംസ അബ്ബാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
|
മിഡിലീസ്റ്റുമായി ഇന്ത്യയുടെ വാണിജ്യ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന കമോൺ കേരളയുടെ ഉദ്ഘാടനം മേയ് 19ന് വൈകുന്നേരം നാലിന് ഷാർജ ഡിപാർട്ട്മെൻറ് ഓഫ് ഗവൺമെൻറ് റിലേഷൻസ് എക്സിക്യൂട്ടീവ് ചെയർമാൻ ശൈഖ് ഫാഹിം ബിൻ സുൽത്തൻ ബിൻ ഖാലിദ് അൽ ഖാസിമി നിർവഹിക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ എന്നിവർ മുഖ്യാതിഥിയാകും. ഷാർജ ചേംബർ ഓഫ് കൊമേഴ്സ്, കൊമേഴ്സ് ആൻഡ് ടൂറിസം ഡവലപ്മെൻറ് അതോറിറ്റി, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ പങ്കെടുക്കും.
മുൻ വർഷങ്ങളെ അപേക്ഷിച്ച് മേളയുടെ പകൽ സമയങ്ങളിലും സന്ദർശകരെ ആഷർഷിക്കുന്ന വിവിധയിനം പരിപാടികൾ നടക്കും. രാവിലെ 10 മുതൽ രാത്രി 10 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിൽ മലയാളികളുടെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബൻ, ഭാവന തുടങ്ങിയവരുടെ നേതൃത്വത്തിൽ വമ്പൻ താരനിര അണിനിരക്കും. ആരോഗ്യം, വിനോദ സഞ്ചാരം, വിദ്യാഭ്യാസം, ഷോപ്പിങ്, ഇൻറീരിയർ ഡിസൈൻ തുടങ്ങിയ മേഖലയിൽ സ്റ്റാളുകളുമായി ഇന്ത്യയിലെയും യു.എ.ഇയിലെയും സംരംഭകർ അണിനിരക്കും. നിരവധി ഉപഭോക്തൃ ഉൽപന്നങ്ങളുടെ ലോഞ്ചിങിനും കമോൺ കേരള വേദിയാവും. വീടുവാങ്ങാനും വിൽക്കാനും റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാനും ആഗ്രഹിക്കുന്നവർക്കായി പ്രോപ്പർട്ടി ഷോ നടക്കും.
പകൽ മാത്രമല്ല, അതി മനോഹര സാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരിക്കും മൂന്ന് സായാഹ്നങ്ങളും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കുള്ള ആദരമായി ഇന്തോ-അറബ് വിമൻ എക്സലൻസ് അവാർഡ് നൽകും. കെ. മുരളീധരൻ എം.പി, ജോൺ ബ്രിട്ടാസ് എം.പി എന്നിവർ പങ്കെടുക്കും.
ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാർ ഒപ്പുവെച്ച് ഒരു വർഷം തികയുന്ന പശ്ചാത്തലത്തിൽ നടക്കുന്ന നിക്ഷേപക സംഗമം ഇരു രാജ്യങ്ങളിലെയും നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യും. പുതുതായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും ബിസിനസ് വളർച്ച ലക്ഷ്യമിടുന്നവർക്കും ഉപകാരപ്പെടുന്നതായിരിക്കും നിക്ഷേപക സംഗമം.





