ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മൂന്നിടത്ത് തോൽവിയിലേക്ക് വീണിരിക്കെ ഇൻഡ്യ മുന്നണി യോഗം വിളിച്ച് കോൺഗ്രസ്. ഡിസംബർ ആറിനാണ് യോഗം.
|
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് യോഗം വിളിച്ചത്. ഡൽഹിയിൽ ഖാർഗെയുടെ വസതിയിലാണ് യോഗം നടക്കുക. കോൺഗ്രസിനുണ്ടായ തിരിച്ചടി യോഗത്തിൽ ചർച്ചയാവും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇനിയെങ്ങനെ ബിജെപി നേരിടാം എന്നതും ചർച്ച ചെയ്യും.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്യും. വൈകീട്ട് പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത് എത്തിയാണ് അഭിസംബോധന ചെയ്യുക.
വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ പിന്നിടുമ്പോൾ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും വ്യക്തമായ ലീഡ് നേടി ബിജെപി അധികാരമുറപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശിൽ 155-160 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് മുന്നിലുള്ളത് 65-70 സീറ്റുകളിലും. ഇതോടെ മധ്യപ്രദേശിൽ ബിജെപി തുടർഭരണം ഉറപ്പായി.
രാജസ്ഥാനിൽ 110ലേറെ സീറ്റുകളിൽ ബിജെപി മുന്നേറുമ്പോൾ കോൺഗ്രസ് ലീഡ് 65-70 സീറ്റിൽ ഒതുങ്ങി. ഛത്തീസ്ഗഢിലും നിലവിൽ ബിജെപിക്കാണ് മുന്നേറ്റം. 55 സീറ്റുകളിൽ ബിജെപി മുന്നേറുമ്പോൾ 34 സീറ്റിലാണ് കോൺഗ്രസ് ലീഡ്. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് ആശ്വാസം.
അവിടെ ഭരണകക്ഷിയായ ബിആർഎസിനെ നിലംപരിശാക്കി കോൺഗ്രസ് മുന്നേറുകയാണ്. കോൺഗ്രസ് 67-68 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ ബിആർഎസ് 36-37 സീറ്റുകളിൽ മാത്രമാണ് മുന്നിൽ.





