25
Mar 2023
Fri
25 Mar 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സോൺട കമ്പനിക്ക് ബ്രാഹ്‌മപുരത്തെ ബയോ മൈനിങ് കരാർ നൽകിയത് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയിലേക്ക്. വിഷയത്തിൽ കോൺഗ്രസ് ഉടൻ ഹർജി നൽകിയേക്കും. തീപിടിത്തത്തിലേക്ക് നയിച്ച വിഷയങ്ങളെ കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് കൊച്ചി കോർപ്പറേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണം സ്വീകാര്യമല്ലെന്ന നിലപാടിലാണ് കോൺഗ്രസ്.

വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ അടക്കമുള്ള വിഷയങ്ങൾ അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ബ്രഹ്‌മപുരം കരാർ തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നലെ രംഗത്തുവന്നിരുന്നു. ഏഴു ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് വി ഡി സതീശന്റെ നിലപാട്.

പ്രളയത്തിനു ശേഷം 2019 ൽ മുഖ്യമന്ത്രിയും മന്ത്രിമാരും നെതർലൻഡ്സ് സന്ദർശിച്ചപ്പോൾ സോൺട കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയോ? എന്നതടക്കമുള്ള ചോദ്യങ്ങളാണ് ഉന്നയിച്ചത്. കേരളത്തിലെ വിവിധ കോർപറേഷനുകളിൽ ബയോ മൈനിങ്, വേസ്റ്റ് ടു എനർജി പദ്ധതികളുടെ നടത്തിപ്പു കരാർ സോൺട കമ്പനിക്കു ലഭിച്ചതെങ്ങനെ?, സിപിഎം നേതൃത്വം നൽകുന്ന കൊല്ലം കോർപറേഷനും കണ്ണൂർ കോർപറേഷനും സോൺടയെ ഒഴിവാക്കിയിട്ടും ബ്രഹ്‌മപുരത്തു തുടരാൻ അനുവദിക്കുകയും വേസ്റ്റ് ടു എനർജി പദ്ധതി കൂടി നൽകാൻ തീരുമാനിച്ചതും എന്തിന്? സോൺയ്ക്കു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫിസ് തദ്ദേശ സ്ഥാപനങ്ങളിൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിനു മറുപടിയുണ്ടോ? ബയോ മൈനിങ് കരാറിൽ കമ്പനി ഗുരുതര വീഴ്ച വരുത്തിയിട്ടും കരാർ പ്രകാരമുള്ള നോട്ടിസ് നൽകാത്തതെന്തുകൊണ്ട്?കരാർ വ്യവസ്ഥയ്ക്കു വിരുദ്ധമായി സോൺട കമ്പനി ഉപകരാർ നൽകിയതു സർക്കാരോ കൊച്ചി കോർപറേഷനോ അറിഞ്ഞോ? കരാർ പ്രകാരം പ്രവർത്തിച്ചില്ലെന്നു വ്യക്തമായതിനു ശേഷവും നോട്ടിസ് നൽകുന്നതിനു പകരം സോൺടയ്ക്ക് ഏഴു കോടിയുടെ മൊബിലൈസേഷൻ അഡ്വാൻസും പിന്നീടു നാലു കോടിയും അനുവദിച്ചതെന്തിന്? എന്നിവയാണ് മറ്റു ചോദ്യങ്ങൾ.