|
ബംഗളൂരു: മതപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പൊതുവിദ്യാലയങ്ങളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച കർണാടകയിലെ വിദ്യാലയങ്ങളിൽ ഗണേശ ചതുർത്ഥി ആഘോഷിക്കാൻ അനുമതി നൽകിയ സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പ് വിവാദമാവുന്നു. ഗണേശ ചതുർത്ഥി ആഘോഷിക്കാൻ കഴിഞ്ഞദിവസമാണ് വിദ്യാഭ്യാസമന്ത്രി ബി.സി നാഗേഷ് അനുമതി നൽകിയത്. ഈ വർഷം ഗണേശ ചതുർത്ഥി ആഘോഷിക്കാൻ സ്‌കൂളുകൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്. എല്ലാ വർഷത്തേയും പോലെ അവർക്ക് അത് തുടരാമെന്നായിരുന്നു ബംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി നാഗേഷ് പറഞ്ഞത്.
നേരത്തെ വിദ്യാലയങ്ങളിൽ മതപരമായ യാതൊരു അടയാളവും പാടില്ലെന്ന് പറഞ്ഞ് കൊണ്ടാണ് കർണാടക സർക്കാർ ഹിജാബ് വിലക്കിയത്. വിലക്ക് വിാദമായതോടെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ ആചാരങ്ങളോ ഹിജാബ് ഉൾപ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള മതപ്രകടനങ്ങളോ അനുവദനീയമല്ലെന്ന് സർക്കാർ വ്യക്തമാക്കുകയുംചെയ്തു. ഹിജാബ് വിലക്കിയതോടെ നൂറുകണക്കിന് മുസ്ലിം പെൺകുട്ടികളുടെ പഠനം അവതാളത്തിലാവുകയുംചെയ്തു. ഇതു സംബന്ധിച്ച കേസ് വിവിധ കോടതികളുടെ പരിഗണനയിലിരിക്കെയാണ് ഹൈന്ദവ ആചാരമായ ഗണേശ ചതുർത്ഥിക്ക് മന്ത്രി അനുമതി നൽകിയത്.
കഴിഞ്ഞ വർഷം ഡിസംബറിൽ ഉഡുപ്പി ജില്ലയിലെ ഗവൺമെന്റ് ഗേൾസ് കോളജിലാണ് ആദ്യം ഹിജാബിന് വിലക്കേർപ്പെടുത്തിയ്. ഇത് പിന്നീട് സംസ്ഥാനമാകെ വ്യാപിപ്പിക്കുകയായിരുന്നു. വൈകാതെ യൂനിഫോം നിലവിലുള്ള സ്‌കൂളുകളിലും പ്രീയൂനിവേഴ്സിറ്റി കോളജുകളിലും ശിരോവസ്ത്രവും മറ്റ് മതപരമായ വസ്ത്രങ്ങളും അനുവദിക്കില്ലെന്ന് ഫെബ്രുവരിയിൽ സർക്കാർ ഉത്തരവിറക്കുകയും ചെയ്തു.
Controversy Over Ganesh Chaturthi Celebrations in Karnataka Schools



