ഹരിപ്പാട്ട് സ്കൂട്ടര്‍ യാത്രികയെ പിന്നിലൂടെയെത്തി ഇടിച്ചുവീഴ്ത്തിശേഷം ആഭരണം കവര്ന്നുമുങ്ങിയ ദമ്പതികള്‍ പോലീസ് പിടിയില്‍. നിരവധി കേസുകളിലെ പ്രതിയായ കരുവാറ്റ കൊച്ചുകടത്തശ്ശേരി വീട്ടില്‍ പ്രജിത്ത്( 37), ഇയാളുടെ ഭാര്യ രാജി(28) എന്നിവരാണ് പിടിയിലായത്. നാലുകെട്ടും കവല കടവില്‍ രവിയുടെ മകള്‍ ആര്യ(21)യെ കവര്‍ച്ചയ്ക്കിരയാക്കിയ സംഭവത്തിലാണ് ഇരുവരെയും കരിയിലക്കുളങ്ങര പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
|
മെയ് 25ന് രാത്രി എട്ടിന് മുട്ടം എന്റ്റിപിസി റോഡിലായിരുന്നു സംഭവം. രാമപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യ ജോലി കഴിഞ്ഞ് ഹരിപ്പാട്ടെ വസ്ത്ര വ്യാപാര ശാലയില്‍ കയറിയ ശേഷം തിരികെ നങ്ങ്യാര്‍കുളങ്ങര ജങ്ഷനില്‍ കൂടി വരുമ്പോഴായിരുന്നു പിടിച്ചുപറിക്കിരയായത്. ആര്യ അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ട പ്രതികള്‍ സ്കൂട്ടറില്‍ യുവതിയുടെ സ്കൂട്ടറിനെ പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്തുവച്ച് വാഹനം പിന്നില്‍ നിന്ന് ഇടിച്ചിടുകയുമായിരുന്നു. തുടര്‍ന്ന് രക്ഷിക്കാന്‍ എന്ന വ്യാജേന ആര്യയെ എഴുന്നേല്‍പ്പിക്കുകയും ആഭരണങ്ങള്‍ കവരുകയുമായിരുന്നു.
ആര്യയുടെ ഫോണ്‍ പിടിച്ചുവാങ്ങി പ്രതികള്‍ എറിഞ്ഞുകളയുകയും ചെയ്തു. ഹെല്‍മെറ്റ് ധരിച്ചിരുന്ന രണ്ട് പുരുഷന്മാരാണ് പിടിച്ചുപറി നടത്തിയതെന്നായിരുന്നു ആര്യയുടെ മൊഴി. പരാതിയില്‍ അന്വേഷണം നടത്തിയ കരിയിലക്കുളങ്ങര പോലീസ് മുട്ടം, ഹരിപ്പാട്, കരുവാറ്റ, കായംകുളം, പത്തിയൂര്‍, എന്നീ പ്രദേശങ്ങളിലെ സിസിടിവി കാമറകളും ഇത്തരം കേസുകളില്‍ സംശയിക്കുന്ന ആളുകളെയും സൂക്ഷ്മ നിരീക്ഷണം നടത്തിയാണ് പ്രതികളിലേക്ക് എത്തിയത്.
ആയിരത്തിലധികം സിസിടിവി കാമറകളും ഒരുലക്ഷത്തി അമ്പതിനായിരം ഫോണ്‍ കോളുകളും പോലീസ് സംഘം പരിശോധിക്കുകയുണ്ടായി. പുരുഷ വേഷത്തില്‍ സ്കൂട്ടറിന്റെ പുറകിലിരുന്ന രാജി കൃത്യം നടത്തി കുറേദൂരം സഞ്ചരിച്ച ശേഷം ആളില്ലാത്ത സ്ഥലത്തെത്തി വേഷം മാറുകയായിരുന്നു പോലീസ് കണ്ടെത്തി.
ആഭരണങ്ങള്‍ ഡാണാപ്പടിയിലെ സ്വര്‍ണക്കടയില്‍ വിറ്റശേഷം തമിഴ് നാട്ടിലേക്ക് മുങ്ങിയ പ്രതികള്‍ പിടിക്കപ്പെടില്ലെന്ന നിഗമനത്തിലാണ് തിരികെയെത്തിയത്. പോലീസ് അന്വേഷണം തങ്ങളിലേക്ക് എത്തുന്നില്ല എന്നുറപ്പിച്ചശേഷം നാട്ടിലേക്ക് എത്തുകയായിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശ അനുസരണം കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ മേല്‍നോട്ടത്തില്‍ കരിയിലക്കുളങ്ങര സിഐ എന്‍. സുനീഷ്, എസ്ഐ ബജിത്ത് ലാല്‍, എഎസ്ഐ പ്രദീപ്, പോലീസ് ഉദ്യോഗസ്ഥരായ ദിവ്യ, സുഹൈല്‍, ഷമീര്‍, ഷാഫി, മണിക്കുട്ടന്, ഇയാസ്, ദീപക്, ഷാജഹാന്, അഖില്‍ മുരളി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


