ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ വെട്ടിക്കൊന്ന കേസിൽ കുറ്റപത്രം സ്വീകരിക്കരുതെന്ന പ്രതികളുടെ ഹരജി ആലപ്പുഴ ജില്ലാ സെഷൻസ് കോടതി തള്ളി. കുറ്റകൃത്യം നടന്ന സ്ഥലത്തെ എസ്എച്ച്ഒ അല്ല കേസിൽ കുറ്റപത്രം സമർപ്പിച്ചതെന്ന് കാട്ടിയാണ് പ്രതികൾ കോടതിയെ സമീപിച്ചത്.(court reject plea of ks shan murder accused)
|
കേസ് അന്വേഷിച്ചതും കുറ്റപത്രം നൽകിയതും ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ്. ഇത് നിയമപരമായി നിലനിൽക്കില്ലെന്നും കുറ്റപത്രം മടക്കിനിൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി. എന്നാൽ ഡിജിപിയോ ജില്ലാ പോലീസ് മേധാവിയോ ചുമതലപ്പെടുത്തുന്ന ഏത് ഉദ്യോഗസ്ഥനും കേസ് അന്വേഷിക്കാമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ക്രൈബ്രാഞ്ച് ഡിവൈഎസ്പിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചുകൊണ്ട് ഡിജിപിയുടെ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.
നിർണായകമായ ചില കേസുകളിൽ പ്രത്യേക അന്വേഷസംഘം രൂപീകരിക്കുന്നത് പതിവാണെന്നു ചൂണ്ടിക്കാട്ടി പ്രതികളുടെ ആവശ്യം തള്ളണമെന്ന പ്രോസിക്യൂഷൻറെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 2021 ഡിസംബർ 18ന് രാത്രിയാണ് ഷാൻ കൊല്ലപ്പെട്ടത്. സ്കൂട്ടറിൽ വീട്ടിലേക്കു പോവുകയായിരുന്ന ഷാനെ കാറിടിച്ചുവീഴ്ത്തിയ ശേഷമായിരുന്നു ആർഎസ്എസ് അക്രമികൾ വെട്ടിക്കൊന്നത്. നാൽപ്പതിലധികം വെട്ടുകളാണ് ഷാനേറ്റത്. ഇതിന്റെ പ്രതികാരമായി ഡിസംബർ 19ന് രാവിലെ ഒരു സംഘം ആർഎസ്എസ് നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസനെ വീട്ടിൽകയറി വെട്ടിക്കൊന്നിരുന്നു. ഈ കേസിലെ പ്രതികൾക്കെല്ലാം സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





