പശുക്കടത്താരോപിച്ച് രണ്ടുപേരെ തല്ലിക്കൊന്ന ഗോരക്ഷാഗുണ്ട ബജ്‌റംഗ്ദളുകാരുടെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കി. ഹരിയാനയിലെ ഭിവാനിയില്‍ 2023ല്‍ ജുനൈദ്, നസീര്‍ എന്നിവരെ തല്ലിക്കൊന്ന കേസിലെ പ്രതി ലോകേഷ് സിംഗ്ലയാണ് ഈ മാസം അഞ്ചിന് ജീവനൊടുക്കിയത്.(Cow vigilant accused in lynching two men committed suicide)
|
ബജ്‌റംഗ്ദളിന്റെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഇതു താങ്ങാനാവാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും ഇയാള്‍ മരിക്കുന്നതിന് മുമ്പ് വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ലോകേഷ് സിംഗ്ലയുടെ ഭാര്യ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ആത്മഹത്യാപ്രേരണയടക്കമുള്ള വകുപ്പുകളാണ് പോലീസ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞിട്ടുള്ളവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. ബജ്‌റംഗ്ദള്‍ സംസ്ഥാന കണ്‍വീനര്‍ ഭാരത് ഭൂഷന്‍, അനില്‍ കൗശിക്, ഹര്‍കേഷ് യാദവ് എന്നിവര്‍ക്കെതിരേയാണ് ഇയാള്‍ ഭാര്യക്ക് വാട്‌സ്ആപ്പില്‍ അയച്ച വീഡിയോ സന്ദേശത്തില്‍ പറയുന്നത്. മൂവരും തന്നെ പീഡിപ്പിക്കുകയാണെന്നും ആളെ വിട്ട് തന്നെ പിന്തുടരുന്നുണ്ടെന്നും വ്യാജകേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ലോകേഷ് സിംഗ്ല വീഡിയോയില്‍ വെളിപ്പെടുത്തുന്നു.
മൂന്നു മക്കളുടെ പിതാവായ ലോകേഷ് സിംഗ്ല ട്രെയിന് തലവച്ചാണ് മരിച്ചത്. ഇയാളുടെ മൃതദേഹം ആഗ്ര-പാല്‍വാല്‍ റൂട്ടിലെ റെയില്‍വേ ട്രാക്കില്‍ നിന്നാണ് കണ്ടെടുത്തത്. ഹരിയാനയിലെ നൂഹ് ജില്ലയില്‍ പശുക്കടത്ത് റെയ്ഡുകള്‍ നടത്താന്‍ പോലീസിന് വിവരം കൈമാറിയിരുന്നതും റെയ്ഡ് വേളകളില്‍ ഇയാള്‍ പോലീസിനെ അനുഗമിക്കുകയും ചെയ്തിരുന്നു. ജുനൈദിനെയും നസീറിനെയും തല്ലിക്കൊന്ന കേസില്‍ ബജ്‌റംഗ്ദള്‍ നേതാവായ മോനു മനേസര്‍ അടക്കം പ്രതിയാണ്.


