30
Jun 2023
Sat
30 Jun 2023 Sat

ലഖ്നൗ: ഉത്തർപ്രദേശിൽ സർക്കാർ ഉടമസ്ഥതയിലുള്ള ​ഗോശാലയിൽ പശുക്കളോട് വീണ്ട‌ും അവ​ഗണന. പത്തോളം പശുക്കൾ പട്ടിണികിടന്ന് ചത്തതായി ആരോപണം. കാസ്ഗഞ്ച് ജില്ലയിലെ ​ഗോശാലയ്ക്ക് പുറത്താണ് പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. അധികൃതരുടെ അശ്രദ്ധയാണ് പശുക്കൾ കൂട്ടത്തോടെ ചാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗോശാലയിൽ പാർപ്പിച്ച പശുക്കൾക്ക് ദിവസങ്ങളായി തീറ്റ ലഭിച്ചില്ലെന്നും രോഗബാധിതരായവയ്ക്ക് യഥാസമയം ചികിത്സ ലഭിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. പട്ടിണി മൂലവും ശരിയായ ചികിത്സ ലഭിക്കാത്തതിനാലുമാണ് പശുക്കൾ ചത്തതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പശുക്കളുടെ ദയനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ഗ്രാമവാസികൾ അവയുടെ ജഡങ്ങളുടെയും അസ്ഥികൂടങ്ങളുടെയും വിഡിയോകൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

ഗോശാലയ്ക്ക് സമീപത്തെ വയലിൽ പശുക്കളുടെ ജഡങ്ങൾ പതിവായി ഉപേക്ഷിക്കുന്നത് പ്രദേശത്ത് ദുർഗന്ധം വമിക്കാൻ കാരണമാകുന്നുവെന്നും ഇവർ പറയുന്നു. സംഭവം വിവാദമായതോടെ, ഒരു സംഘം ഉദ്യോഗസ്ഥരെത്തി മൃതദേഹങ്ങളും അസ്ഥികൂടങ്ങളും നീക്കം ചെയ്തു.

എന്നാൽ, ആരോപണം തള്ളി ജില്ലാ മൃഗസംരക്ഷണ ഓഫീസർ മനോജ് കുമാർ അഗർവാൾ രം​ഗത്തെത്തി. രോ​ഗം ബാധിച്ച് ഒരു പശു മാത്രമാണ് ചത്തതെന്നും ചൊവ്വാഴ്ച വാക്സിനേഷന് ശേഷം ചില പശുക്കൾക്ക് ആരോ​ഗ്യപ്രശ്നങ്ങളുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു. പശുക്കൾക്ക് ഉടൻതന്നെ ആവശ്യമായ ചികിത്സ നൽകിയെന്നും അ​ഗർവാൾ പറഞ്ഞു.

അതേസമയം, ഗോശാല മാനേജ്‌മെന്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ മജിസ്‌ട്രേറ്റ് ഹർഷിത മാത്തൂർ പറഞ്ഞു. ഗോശാലയിലെ പശുക്കളുടെ രേഖകൾ, മരിച്ചവയുടെ എണ്ണം, കാലിത്തീറ്റയുടെ ലഭ്യത, മറ്റ് സൗകര്യങ്ങൾ എന്നിവ പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.