സംസ്ഥാന നേതൃത്വം തള്ളിപ്പറയുന്നതിനിടെ കണ്ണൂര്‍ പാനൂരില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചു കൊല്ലപ്പെട്ട ഷെറിന്റെ വീട് സന്ദര്‍ശിച്ച് സിപിഐഎം നേതാക്കള്‍. പാനൂര്‍ ഏരിയ കമ്മിറ്റി അംഗം സുധീര്‍ കുമാര്‍, പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ അശോകന്‍ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. ഷെറിനുമായോ ബോംബ് നിര്‍മാണവുമായോ ബന്ധമില്ലെന്ന് സിപിഐഎം ആവര്‍ത്തിക്കുന്നതിനിടെയാണ് പ്രാദേശിക നേതാക്കള്‍ ഷെറിന്റെ വീട്ടിലെത്തിയതെന്നതു ശ്രദ്ധേയമായി. അതേസമയം ഷെറിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനന്‍ ജനപ്രതിനിധി എന്ന നിലയിലാണ് താന്‍ ഷെറിന്റെ വീട്ടില്‍ പോയതെന്ന് വിശദീകരിച്ചിട്ടുണ്ട്.(CPIM local leaders visits Sherins house who killed during making bomb)
|
അതിനിടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഷെറിനെ വീണ്ടും തള്ളിപ്പറഞ്ഞു. ഷെറിന്റെ വീട്ടില്‍ സിപിഐഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് അത് എനിക്കറിയില്ല, അറിയില്ലെന്ന് പറഞ്ഞില്ലേ. അതിന് ആരെങ്കിലും പോയിട്ടുണ്ടെങ്കില്‍ പോയതിനെക്കുറിച്ച് അന്വേഷിച്ചോട്ടെ. പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഐഎം പ്രവര്‍ത്തകനായ കൈവേലിക്കല്‍ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിന്‍ കൊല്ലപ്പെട്ടത്. മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മല്‍ വിനോദ് (39), സെന്‍ട്രല്‍ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ വിനീഷിന്റെ നില അതീവഗുരുതരമാണ്.സംഭവത്തില്‍ സിപിഎമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകരായ ചെറുപ്പറമ്പ് അടുങ്കുടിയവയലില്‍ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിന്‍ലാല്‍ (27), സെന്‍ട്രല്‍ കുന്നോത്തുപറമ്പിലെ കിഴക്കയില്‍ അതുല്‍ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയില്‍ അരുണ്‍ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മല്‍ സായൂജ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് പൊട്ടാത്ത സ്റ്റീല്‍ ബോംബുകള്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
നിര്‍മാണത്തിനിടെ ബോംബ് പൊട്ടിയില്ലായിരുന്നുവെങ്കില്‍ അവ തന്റെ മേല്‍ പ്രയോഗിക്കുമായിരുന്നുവെന്നാണ് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. ഷെറിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ഷൈലജ ടീച്ചര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ അടക്കം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി പാനൂരിലെ ബോംബ് നിര്‍മാണവുമായും അതില്‍ പങ്കെടുത്തവരുമായും ബന്ധമില്ലെന്ന വിശദീകരണം നല്‍കിയത്. പാര്‍ട്ടി സഖാക്കളെ വരെ ആക്രമിച്ചവരാണ് ഷെറിനും കൂട്ടരുമെന്ന വാദവും സിപിഐഎം ഉയര്‍ത്തിയിരുന്നു. ഇതിനു ശേഷം പ്രാദേശിക നേതൃത്വം ഷെറിന്റെ വീട് സന്ദര്‍ശിച്ചതാണ് പുതിയ വിവാദത്തിന്് കാരണമായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





