05
Aug 2024
Sat
05 Aug 2024 Sat
CPIM under pressure after P V Anvar came against SP

സമീർ കല്ലായി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പി വി അൻവർ എം എൽ എ കൊളുത്തിയ വിവാദത്തിൽ തീ പിടിച്ച് സിപിഐഎം. കഴിഞ്ഞ ദിവസം പോലീസ് അസോസിയേഷൻ സമ്മേളനത്തിലായിരുന്നു അൻവറിന്റെ ആദ്യ വിമർശനം. വൈകിയെത്തിയ മലപ്പുറം എസ്പി ശശിധരനെ വേദിയിലിരുത്തി വിമർശിച്ച അൻവർ ലൈഫ് പദ്ധതി അട്ടിമറിക്കാൻ എസ്പി ശ്രമിക്കുന്നതായും ആരോപിച്ചു. ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടുകൾക്ക് മണ്ണിടാൻ പോലും നിയമത്തിന്റെ പേരിൽ എസ്പി അനുവദിക്കുന്നില്ലെന്നായിരുന്നു അൻവറിന്റെ ആരോപണം. തന്റെ പാർക്കിലെ ലക്ഷങ്ങൾ വില വരുന്ന റോപ്പ് മോഷ്ടിച്ചവരെ കണ്ടെത്താൻ എസ്പിക്കായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൊട്ടടുത്ത ദിവസം എസ്പിയുടെ ക്യാംപ് ഓഫീസിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയെന്നാരോപിച്ച് അൻവർ സ്ഥലം സന്ദർശിക്കാനെത്തിയിരുന്നു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുക്കാരൻ അനുമതിയില്ലാതെ കടക്കാനാവില്ലെന്ന് പറഞ്ഞ് എം എൽ എ യെ തടഞ്ഞതിനെ തുടർന്ന് അൻവർ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തൊട്ട് പിന്നാലെയാണ് അൻവറും മുൻ മലപ്പുറം എസ്പിയും ഇപ്പോൾ പത്തനംതിട്ട എസ് പിയുമായ സുജിത്ത് ദാസുമായുള്ള ഫോൺ സംഭാഷണം പുറത്തായത്. മരം മുറി വിവാദം തന്നെയാണ് ബാധിക്കുകയെന്നും പരാതി പിൻവലിക്കണമെന്നും എസ്പി സംഭാഷണത്തിൽ അഭ്യർഥിച്ചിരുന്നു.

എഡിജിപി അജിത്ത് കുമാർ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയാണ് പോലീസ് വയർലസ് ചോർത്തിയ കേസിൽ മറുനാടൻ ഷാജൻ സ്കറിയയെ രക്ഷപ്പെടുത്തിയതെന്നും മലപ്പുറം എസ്പി ശശിധരൻ ഇയാളുടെ പിണിയാളാണെന്നും ശബ്ദ സന്ദേശത്തിലുണ്ടായിരുന്നു. ഇത് പുറത്തായതിനു പിന്നാലെ എസ്പി സുജിത്ത് ദാസ് അവധിയിൽ പോയിരിക്കുകയാണ്. സുജിത്ത് ദാസിനെതിരെ വകുപ്പ് തല നടപടിയുണ്ടായേക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മറ്റൊരു ഭരണകക്ഷി എം എൽ എ ആയ കെടി ജലീലും അൻവറിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ സിപിഐഎം വെട്ടിലായിരിക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന് അവകാശപ്പെട്ട് പ്രതിപക്ഷം കൂടി രംഗത്തെത്തിയതോടെ പാർട്ടി ഊരാകുടുക്കിലായി.

നേരത്തെ തന്നെ മലപ്പുറം എസ്പിക്കെതിരെ മുസ്ലിം ലീഗ് രംഗത്തുണ്ട്. അനാവശ്യ കേസുകൾ സൃഷ്ടിച്ച് ജില്ലയുടെ ക്രൈം റെകോർഡ് ഉയർത്താനാണ് എസ് പി യുടെ ശ്രമമെന്ന് മുസ്ലിം സംഘടനകളും ആരോപിച്ചിരുന്നു. അൻവർ വിവാദത്തോടെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. രണ്ട് ഭരണകക്ഷി എം എൽ എ മാർ തന്നെ രംഗത്തെത്തിയതോടെ പ്രശ്നത്തിൽ നിന്ന് എങ്ങിനെ തലയൂരുമെന്ന ആലോചനയിലാണ് സി പിഐ എം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക