|
കോഴിക്കോട്: ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ അണിനിരന്ന റാലിയോടു കൂടി സി.പി.ഐ(എംഎൽ) റെഡ് സ്റ്റാറിൻ്റെ പന്ത്രണ്ടാം പാർട്ടി കോൺഗ്രസ്സിന് കോഴിക്കോട് തുടക്കം. കോഴിക്കോട് സരോവരം ബയോപാർക്കിൽ നിന്ന് ആരംഭിച്ച റാലി മുതലക്കുളം മൈതാനത്ത് സമാപിച്ചു. മുതലക്കുളത്ത് നടന്ന പൊതുസമ്മേളനം സി.പി.ഐ(എംഎൽ) റെഡ് സ്റ്റാർ ജനറൽ സെക്രട്ടറി കെ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ആർ.എസ്.എസും, ബി.ജെ.പിയും നയിക്കുന്ന നവഹിന്ദുത്വ ഫാഷിസം രാജ്യത്തെ അപകടകരമായ അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. ഇതിന്നെതിരെ ജനാധിപത്യ ബദൽ ശക്തികളെ അണിനിരത്തണമെന്ന് കെ.എൻ. രാമചന്ദ്രൻ അഭിപ്രായപെട്ടു.
ഇടതുപക്ഷത്തിൻ്റെ പേരിൽ അധികാരത്തിലിരിക്കുന്ന പിണറായി വിജയൻ സർക്കാർ ബിജെപിയുടെ സാമ്പത്തിക നയങ്ങളാണ് നടപ്പാക്കുന്നത്. ഒരു ശരിയായ ഇടതുപക്ഷ നിര ഉണ്ടായെങ്കിലെ ഫാഷിസത്തെ ചെറുക്കാനാവൂ. സഖാക്കളായ പി കൃഷ്ണപ്പിള്ളയുടേയും കെ വി പത്രോസിന്റേയും രാഷ്ട്രീയ ധാരയെ വിപ്ലവ പ്രസ്ഥാനം മുന്നോട്ട് കൊണ്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ കേരള സംസ്ഥാന സെക്രട്ടറി എം.പി.കുഞ്ഞിക്കണാരൻ അധ്യക്ഷത വഹിച്ചു. പി.ബി. മെംബർ ഡോ: പി.ജെ.ജെയിംസ്, മനോഹരൻ (തമിഴ്നാട് സംസ്ഥാന സെക്രട്ടറി), ബി. രുദ്രയ്യ (കർണാക), ഹരിപ്രസാദ് (ആന്ധ്ര), പ്രമീള(ഒഡീഷ), പ്രദീപ് സിങ്ങ് (പശ്ചിമ ബംഗാൾ), ലാഭ് സിംഗ് ( പഞ്ചാബ്), റിതാൻഷ് ആസാദ് (രാജസ്ഥാൻ, സഞ്ജയ് സിംഗ്‌വി, വിജയകുമാർ (മധ്യപ്രദേശ്), സൗര ( ചത്തീസ്ഗഡ് ), അരുൺ വലാസ്കർ (മഹാരാഷ്ട്ര), ബാബുറാം (ഉത്തർ പ്രദേശ്), പ്രദോഷ് (ഓവർസീസ്), സഞ്ജയ് സിംഗ്‌വി (ഐകോർ ഡപ്യൂട്ടി കോഓഡിനേറ്റർ), സ്മിത (കേരളം) എന്നിവർ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു.അഡ്വ: സാബി ജോസഫ് സ്വാഗതവും അഖിൽ നന്ദിയും പറഞ്ഞു.
പാർട്ടി കോൺഗ്രസിൻ്റെ പ്രതിനിധി സമ്മേളനം എസ്.കെ.പൊറ്റക്കാട് ഹാളിൽ(ഷർമ്മിഷ്ഠ- ശിവറാം നഗർ) നാളെ രാവിലെ മുതൽ ആരംഭിക്കും. വിവിധ പ്രത്യയശാസ്ത്ര രേഖകളെ അധികരിച്ച് പാർട്ടി കോൺഗ്രസിൽ ചർച്ചകൾ നടക്കും. രേഖകൾ അംഗീകരിക്കുകയും പുതിയ കേന്ദ്രകമ്മിറ്റിയേയും ജനറൽ സെക്രട്ടറിയേയും തിരഞ്ഞെടുക്കുകയും ചെയ്യും. പാർട്ടി കോൺഗ്രസ്സ് സെപ്തംബർ : 29 ന് സമാപിക്കും.



