23
Sep 2025
Tue
23 Sep 2025 Tue
CPM worker who was undergoing treatment after being injured in an RSS attack was found dead

പാനൂര്‍(കണ്ണൂര്‍): ആര്‍എസ്എസ് നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിളക്കോട്ടൂരിലെ കല്ലിങ്ങേന്റവിട ജ്യോതിരാജ് (43) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2008 മാര്‍ച്ച് ആറിന് വിളക്കോട്ടൂര്‍ എല്‍പി സ്‌കൂളിന് സമീപത്തുണ്ടായ ആര്‍എസ്എസ് ആക്രമണത്തിലാണ് ജ്യോതിരാജിന് പരിക്കേറ്റത്. സിപിഎം വിളക്കോട്ടൂര്‍ ബ്രാഞ്ചംഗവും ഡിവൈഎഫ്‌ഐ വിളക്കോട്ടൂര്‍ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ജ്യോതിരാജിന്റെ ഇരുകാലുകളും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിമുറിക്കുകയായിരുന്നു. ശാരീരികാവസ്ഥ മോശമായത് കൊണ്ടുതന്നെ ഇദ്ദേഹം പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ തുടരുകയായിരുന്നു.

ദേഹത്ത് ഏറ്റ പരുക്കുകള്‍ നല്‍കിയ രോഗാവസ്ഥ മാറാത്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് വിളക്കോട്ടൂര്‍ സ്വദേശി ജീവനൊടുക്കിയതെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നും പൊലിസ് അറിയിച്ചു.

അച്ഛന്‍: പരേതനായ കുമാരന്‍. അമ്മ: പരേതയായ ലക്ഷ്മി. സഹോദരങ്ങള്‍: വത്സരാജ്, സഹദേവന്‍ (മുത്തു), സത്യരാജ്, ഭരതരാജ്. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

പാനൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

CPM worker who was undergoing treatment after being injured in an RSS attack was found dead