പെരിന്തല്‍മണ്ണ: സ്‌കൂട്ടറില്‍ ക്രെയിനിടിച്ച് ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചത് നവ വരന്റെ കണ്‍മുന്നില്‍. ഞായറാഴ്ച്ച നിക്കാഹ് കഴിഞ്ഞ യുവതിയുടെ ദാരുണാന്ത്യം കുടുംബക്കാരെയും നാടിനെയും കണ്ണീരിലാഴ്ത്തി. പെരിന്തല്‍മണ്ണ പാണമ്പി സ്വദേശി പുളിക്കല്‍ നജീബിന്റെയും ഫജീലയുടെയും മകള്‍ നേഹയാണ് (21) ഇന്ന് ഉച്ചയ്ക്കു മരിച്ചത്.
|
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് പെരിന്തല്‍മണ്ണ കോഴിക്കോട് റോഡില്‍ ജൂബിലി റോഡ് ജങ്ഷനിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മലപ്പുറം പൂക്കോട്ടൂരിലെ പാറഞ്ചേരി വീട്ടില്‍ അഷര്‍ ഫൈസലുമായി കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നേഹയുടെ നിക്കാഹ്.
ഇരുവര്‍ക്കും നേഹയുടെ പിതൃസഹോദരിയുടെ വെട്ടത്തൂര്‍ കാപ്പിലെ വീട്ടില്‍ വെള്ളിയാഴ്ച സല്‍ക്കാരം ഒരുക്കിയിരുന്നു. അല്‍ഷിഫ നഴ്‌സിങ് കോളജില്‍ മൂന്നാം വര്‍ഷ ബി.എസ്‌സി നഴ്സിങ് വിദ്യാര്‍ഥിനിയായ നേഹയെ, അഷര്‍ ഫൈസല്‍ കോളജിലെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. സല്‍ക്കാരം കഴിഞ്ഞ് കോളജില്‍ കൊണ്ടുവിടാനുള്ള യാത്രയിലായിരുന്നു അപകടം.
അപകടം നടന്ന ഭാഗത്ത് ഡിവൈഡറുള്ളതിനാല്‍ വേഗംകുറച്ച് തിരിക്കാനിരിക്കെയാണ് പിന്നില്‍ അമിതവേഗത്തിലെത്തിയ ക്രെയിന്‍ ഇടിച്ചത്. റോഡില്‍ തെറിച്ചുവീണ നേഹ ക്രെയിനിന്റെ അടിയില്‍പെടുകയായിരുന്നു.
അഷര്‍ ഫൈസല്‍ മറുഭാഗത്തേക്കു വീണതിനാലാണ് രക്ഷപ്പെട്ടത്. ഗുരുതര പരിക്കേറ്റ നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. നിയ, സിയ എന്നിവരാണ് നേഹയുടെ സഹോദരിമാര്‍.


