25
Feb 2024
Wed
25 Feb 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വര്‍ക്കല: വര്‍ക്കലയില്‍ തെരുവ് നായക്കുട്ടികളോട് സാമൂഹികവിരുദ്ധരുടെ ക്രൂരത. നായക്കുട്ടികളെ കൈകാലുകള്‍ ബന്ധിച്ചശേഷം ടാറില്‍മുക്കി മരത്തില്‍ കെട്ടിയിട്ടു. ഇടവ ഓടയം മിസ്‌കിന്‍ തെരുവിലാണ് ചെറിയ പ്രായത്തിലുള്ള രണ്ട് നായക്കുട്ടികളോട് ക്രൂരത കാട്ടിയത്. കഴിഞ്ഞ 20നാണ് മിസ്‌കിന്‍ തെരുവില്‍ കൈകാലുകള്‍ കെട്ടിയശേഷം റോഡുപണിക്കുള്ള ടാറില്‍മുക്കിയനിലയില്‍ നായക്കുട്ടിയെ നാട്ടുകാര്‍ കണ്ടത്. ശരീരത്തില്‍ 70 ശതമാനത്തോളം ടാര്‍ ഉണ്ടായിരുന്നു. കൂടാതെ മുറിവുകളും. ഈ നായക്കുട്ടിയെ കണ്ടതിന് 200 മീറ്റര്‍ അകലെയായി 25ന് ഇതേരീതിയില്‍ മറ്റൊരു നായക്കുട്ടിയെയും കണ്ടെത്തി. കൈകാലുകള്‍ ബന്ധിച്ച് ടാറില്‍ മുക്കി മരത്തില്‍ കെട്ടിയിട്ടനിലയിലായിരുന്നു. ഇതിനെയും ഡോക്ടറുടെ അടുത്തെത്തിച്ചു. ഈ സ്ഥലത്ത് റോഡുപണിക്കായി വീപ്പകളില്‍ ടാര്‍ ശേഖരിച്ചുവെച്ചിരുന്നു. അതിലാകാം നായകളെ മുക്കിയതെന്ന് സംശയിക്കുന്നു.

പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് (പി.എഫ്.എ) എന്ന സംഘടന ഇടപെട്ട് നായക്കുട്ടികളെ രക്ഷിച്ച് ചികിത്സ നല്‍കിവികയാണ്. പാപനാശത്ത് താമസിക്കുന്ന മൃഗസ്‌നേഹിയായ റഷ്യന്‍ വനിത പോളിനയുടെ സംരക്ഷണത്തിലാണ് ഇവ കഴിയുന്നത്. പി.എഫ്.എ വൊളന്റിയറായ ഇടവ വെണ്‍കുളം സ്വദേശി അഹമ്മദ് ഇതറിഞ്ഞ് സ്ഥലത്തെത്തുകയും വിവരം പി.എഫ്.എയെ അറിയിക്കുകയും ചെയ്തു. അവരുടെ നിര്‍ദേശപ്രകാരമാണ് പോളിനയും ശ്രീജിത്ത് എന്നയാളും എത്തിയത്. ഇവര്‍ പുത്തന്‍ചന്തയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറുടെ അടുത്തെത്തിച്ചു.

നായക്കുട്ടികളുടെ ശരീരത്തില്‍നിന്ന് ടാര്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ അപകടാവസ്ഥയും തരണം ചെയ്തിട്ടില്ല. മൃഗസ്‌നേഹികള്‍ അയിരൂര്‍ പോലീസില്‍ പരാതി നല്‍കി.

Cruelty of anti-socials to puppies in Varkala