25
May 2025
Mon
25 May 2025 Mon
Dalit woman kept at station all night on theft charges

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: തലസ്ഥാനത്ത് മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയെ പോലീസ് സ്റ്റേഷനില്‍ 20 മണിക്കൂറോളം നിര്‍ത്തി മാനസികമായി പീഡിപ്പിച്ചതായി പരാതി. പനവൂര്‍ ഇരുമരം സ്വദേശിനി ബിന്ദു(36) ആണ് മാനസികപീഡനത്തിന് ഇരയായത്. ഈ മാസം 13ന് വൈകുന്നേരം മൂന്നുമണിക്ക് പേരൂര്‍ക്കട പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ച ഇവരെ പിന്നീട് അടുത്ത ദിവസം ഉച്ചയ്ക്ക് 12 മണിക്കാണ് വിട്ടയച്ചത്. ജോലിക്കുനിന്ന വീട്ടില്‍നിന്നു മാല മോഷണംപോയെന്ന പരാതിയിലാണ് ബിന്ദുവിനെ പോലീസ് ചോദ്യംചെയ്യലിന് വിളിപ്പിച്ചത്. മൂന്നുദിവസം മുന്‍പാണ് ബിന്ദു അവിടെ ജോലിക്ക് എത്തിയത്. വീട്ടുടമസ്ഥയുടെ പരാതിയെത്തുടര്‍ന്ന് ക്രൂരമായ മാനസികപീഡനമാണ് അനുഭവിച്ചതെന്നും ബിന്ദു പറഞ്ഞു.

രാത്രി വൈകി പനവൂരിലെ വീട്ടിലെത്തിച്ച് മാലയ്ക്കായി പോലീസ് പരിശോധനയും നടത്തി. തിരിച്ച് വീണ്ടും പേരൂര്‍ക്കട സ്റ്റേഷനിലെത്തിച്ച് കുറേ സമയം ഇരുത്തി. കുടിക്കാന്‍ വെള്ളംപോലും നല്‍കിയില്ലെന്നും പറയുന്നു.

നിരപരാധിയാണെന്നു കരഞ്ഞുപറഞ്ഞിട്ടും പോലീസ് വിട്ടയച്ചില്ലെന്നും രാത്രിയായിട്ടും സ്റ്റേഷനിലാണ് എന്ന വിവരം വീട്ടുകാരെ അറിയിക്കാനും പോലീസ് സമ്മതിച്ചില്ലെന്നും യുവതി പറഞ്ഞു.

അതേസമയം, മോഷണംപോയെന്ന് പറയുന്ന മാല പരാതിക്കാരുടെ വീട്ടില്‍നിന്നുതന്നെ കണ്ടെത്തിയിരുന്നു. ഉടമസ്ഥതന്നെ പിറ്റേന്ന് പോലീസ് സ്റ്റേഷനില്‍ എത്തി മാല കിട്ടിയെന്നറിയിച്ചതോടെയാണ് ബിന്ദുവിനെ വിടാന്‍ പോലീസ് തയ്യാറായത്. നിരപരാധിത്വം തെളിയിച്ചിട്ടും മണിക്കൂറുകളോളം സ്റ്റേഷനില്‍ നിര്‍ത്തിയശേഷമാണ് ഫോണ്‍ തിരികെനല്‍കിയതും വീട്ടിലേക്കുപോകാന്‍ അനുവദിച്ചതുമെന്നും ബിന്ദു പറഞ്ഞു.

നേരിട്ട അപമാനത്തിലും മാനസികപീഡനത്തിനും പേരൂര്‍ക്കടയിലെ പോലീസുകാര്‍ക്കെതിരേ ബിന്ദു മുഖ്യമന്ത്രിക്കും പട്ടികജാതി വകുപ്പ് മന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

Dalit woman kept at police station all night on theft charges