08
Dec 2023
Sun
08 Dec 2023 Sun

തിരുവനന്തപുരം: ദലിത് ചിന്തകനും അധ്യാപകനും സാമ്പത്തികശാസ്ത്ര വിദഗ്ധനുമായ ഡോ എം കുഞ്ഞാമൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ ശ്രീകാര്യത്തെ വസതിയിൽ അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
കേരള സർവകലാശാലയിൽ സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്നു കുഞ്ഞാമൻ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയിൽ മണ്ണിയമ്പത്തൂർ അയ്യപ്പന്റെയും ചെറോണയുടെയും മകനായി 1949 ഡിസംബർ മൂന്നിനാണ് ജനനം. വാടാനംകുറിശ്ശി എൽ.പി. സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രി മുതൽ എം.എ. വരെ പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ പഠിച്ചു. ഒന്നാം റാങ്കോടെയാണ് എം എ നേടിയത്.

മുൻ രാഷ്ട്രപതി കെ.ആർ. നാരായണന് ശേഷം സാമ്പത്തികശാസ്ത്രത്തിലെ ബിരുദാനന്തരബിരുദത്തിൽ ഒന്നാം റാങ്ക് നേടുന്ന ദലിത് വിദ്യാർഥിയെന്ന ഖ്യാതിയും കുഞ്ഞാമൻ സ്വന്തമാക്കുകയുണ്ടായി. എം.എയ്ക്ക് ശേഷം തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിൽ ‘കേരളത്തിലെ തെക്കൻ, വടക്കൻ ജില്ലകളിലെ ആദിവാസിജീവിതത്തെ കുറിച്ചുള്ള താരതമ്യപഠനം’ എന്ന വിഷയത്തിൽ ഗവേഷണം. പിന്നീട് ‘ഇന്ത്യയിലെ സംസ്ഥാനതല ആസൂത്രണം’ എന്ന വിഷയത്തിൽ കുസാറ്റിൽ നിന്ന് പി.എച്ച്.ഡി പൂർത്തിയാക്കി.

1979 മുതൽ കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ സാമ്പത്തികശാസ്ത്ര വിഭാഗം അധ്യാപകനായിരുന്നു. 2006-ൽ ജോലി രാജിവച്ചശേഷം തുൽജാപൂരിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ പ്രഫസറായി. വിരമിച്ച ശേഷം നാല് വർഷം കൂടി അദ്ദേഹം അവിടെ തുടർന്നു.

കേരളത്തിലെ വികസനപ്രതിസന്ധി, എതിര് (ആത്മകഥ), സ്‌റ്റേറ്റ് ലെവൽ പ്ലാനിങ് ഇൻ ഇന്ത്യ, ഗ്ലോബലൈസേഷൻ: എ സബാൾട്ടേൺ പെർസ്‌പെക്ടീവ്, എകണോമിക് ഡെവലപ്പ്‌മെന്റ് ആൻഡ് സോഷ്യൽ ചേഞ്ച്, ഡെവലപ്പ്‌മെന്റ് ഓഫ് ട്രൈബൽ എക്കണോമി തുടങ്ങിയവയാണ് പ്രധാന കൃതികൾ. 2021-ലെ മികച്ച ആത്മകഥയ്ക്കുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് എതിര് എന്ന കൃതിക്ക് ലഭിച്ചെങ്കിലും അദ്ദേഹം പുരസ്കാരം നിരസിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക