കോഴിക്കോട്: ചെറുവണ്ണൂരില്‍ ദര്‍സ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ സിആര്‍പിഎഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവണ്ണൂര്‍ സ്വദേശി സന്തോഷ് ചെറാത്ത് ആണ് അറസ്റ്റിലായത്. മറ്റൊരു പ്രതി പഴയ മഠത്തില്‍ സുരേഷ് ഒളിവിലാണ്. ആര്‍എസ്എസുമായി ബന്ധമുള്ളവരാണ് പ്രതികള്‍.
|
ചുമരെഴുതാന്‍ പോയ ദര്‍സ് വിദ്യാര്‍ഥികളായ മുഹമ്മദ് ഉനൈസ്(17), മുഹമ്മദ് ശാമില്‍ (17) എന്നിവരെയാണ് സന്തോഷും സുരേഷും ചേര്‍ന്ന് മര്‍ദിച്ചത്. പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദര്‍സില്‍ നടക്കുന്ന പരിപാടിയമായി ബന്ധപ്പെട്ട് മതിലിന്റെ ഉടമസ്ഥരോട് അനുമതി വാങ്ങിയാണ് ചുമരെഴുതാന്‍ പോയതെന്നും എന്നാല്‍ ചുമരെഴുതിക്കൊണ്ടിക്കുന്ന സമയത്ത് ഇവരെത്തി അടിക്കുകയും ചവിട്ടുകയും ചെമ്പുവള ഉപയോഗിച്ച് മര്‍ദിച്ചതായും വിദ്യാര്‍ഥികള്‍ പറയുന്നു.
ആദ്യം വിശ്വാസപരമായ കാര്യങ്ങള്‍ ചോദിച്ച ഇവര്‍ പിന്നീട് ഇസ്രയേലിനെക്കുറിച്ചും പലസ്തീനെക്കുറിച്ചുമെല്ലാം അഭിപ്രായം ചോദിക്കുകയും തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ദര്‍സിലെ അധ്യാപകര്‍ എത്തി പരാതി നല്‍കിയെങ്കിലും ആദ്യം പൊലീസ് കേസ് എടുത്തില്ല എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
ദര്‍സ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്ഡിപിഐ, ഫ്രറ്റേണിറ്റി, സിപിഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധിച്ചു.



