02
Jul 2023
Fri
02 Jul 2023 Fri

വയനാട്:ഭർതൃവീട്ടുകാർ ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചതിനെത്തുടർന്നാണ് മകൾ ആത്മഹത്യചെയ്തതെന്ന പരാതിയുമായി കുഞ്ഞുമായി പുഴയിൽച്ചാടി മരിച്ച യുവതിയുടെ കുടുംബം. വെണ്ണിയോട് പഞ്ചായത്ത് ഓഫിസിനു സമീപത്തെ അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശന (32), മകൾ അഞ്ചുവയസ്സുകാരി ദക്ഷയെയുംകൊണ്ട് പുഴയിൽച്ചാടി മരിച്ച സംഭവത്തിലാണ് യുവതിയുടെ മാതാപിതാക്കളായ സി വി വിജയകുമാറും വിശാലാക്ഷിയും ആരോപണവുമായി രംഗത്തെത്തിയത്. ഭർത്താവ് ഓംപ്രകാശും ഭർത്തൃപിതാവ് ഋഷഭരാജനും മകളെ മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായും ഇവർ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ 13നാണ് ദർശന വിഷം കഴിച്ചശേഷം മകളെയുംകൊണ്ട് പുഴയിൽ ചാടുന്നത്. നാട്ടുകാർ കണ്ടതോടെ ദർശനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തന്നെ വീണ്ടും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിനാലാണ് ആത്മഹത്യചെയ്യാൻ ശ്രമിച്ചതെന്ന് അത്യാസന്നനിലയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മകൾ വ്യക്തമാക്കിയതായി അമ്മ വിശാലാക്ഷി പറഞ്ഞു. മുമ്പ് രണ്ടുതവണ മകളെ ഭർത്താവ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി. നാലുമാസം ഗർഭിണിയായിരുന്നു അവൾ.

2016 ഒക്ടോബറിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞതുമുതൽ നിരന്തരമായി മാനസികപീഡനങ്ങളും ശാരീരികമർദനങ്ങളും ദർശന നേരിട്ടതായും കുടുംബം ആരോപിച്ചു. ഭർത്തൃപിതാവ് ദർശനയെ അസഭ്യം പറയുന്നതും സ്വർണവും പണവും ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുന്നതും പതിവായിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ സ്വർണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാനസികപീഡനം തുടങ്ങി. ദർശന സ്വന്തം വീട്ടിലേക്ക് വരുന്നതിനുപോലും ഭർത്തൃവീട്ടുകാർ നിയന്ത്രണം ഏർപ്പെടുത്തി.

കഴിഞ്ഞവർഷം ദർശന അമ്മയ്ക്കൊപ്പം വള്ളിയൂർക്കാവിൽ ക്ഷേത്രദർശനം നടത്താനായി വീട്ടിലേക്ക് വന്നിരുന്നു. നേരം ഇരുട്ടിയതിനാൽ അന്ന് തിരികെപ്പോകാനായില്ല. പിറ്റേദിവസംതന്നെ ഭർത്തൃവീട്ടിലേക്ക് പോയെങ്കിലും ഭർത്തൃപിതാവ് മകളെയും കുടുംബത്തെയും അസഭ്യം പറഞ്ഞു. മകളോട് ആത്മഹത്യചെയ്യണമെന്നും നാലുദിവസംമാത്രമേ സങ്കടമുണ്ടാകൂവെന്നുമാണ് പറഞ്ഞത്. ഇതോടെ മകൾ തിരികെവരുകയും കമ്പളക്കാട് പൊലീസിൽ ഭർത്തൃപിതാവിന്റെ സംസാരം റെക്കോഡ് ചെയ്തതടക്കം പരാതി നൽകുകയും ചെയ്തു. എന്നാൽ, പൊലീസിൽനിന്ന് ഒരു പിന്തുണയും കിട്ടിയില്ലെന്ന് കുടുംബം പരാതിപ്പെടുന്നു. പൊലീസും പൊലീസ് നിർദേശിച്ച കൗൺസിലറും ചേർന്ന് മകളെ തിരികെ ഭർത്തൃവീട്ടിലേക്ക് അയയ്ക്കാൻ നിർബന്ധിക്കുകയായിരുന്നു. പിന്നീട് ഭർത്തൃവീട്ടിലേക്ക് മടങ്ങിയ ദർശന ഫോണിൽപ്പോലും തുറന്നുസംസാരിക്കാൻ തയ്യാറായില്ലെന്ന് സഹോദരി ഹർഷന പറഞ്ഞു. ദർശന കുട്ടിയെയുംകൊണ്ട്‌ ആത്മഹത്യചെയ്ത വിവരം നാട്ടുകാരാണ് അറിയിച്ചതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ദർശനയുടെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. പഠനകാര്യങ്ങളിൽ ഏറെ മുൻപന്തിയിൽനിന്നിരുന്ന ദർശന പല പി.എസ്.സി. ലിസ്റ്റുകളിലും ഉണ്ടായിരുന്നു. നിലവിലുള്ള യു.പി. സ്കൂൾ ടീച്ചേഴ്‌സ് ലിസ്റ്റിൽ 76-ാം റാങ്കുണ്ടായിരുന്നു. മരണദിവസം ജൂനിയർ സയൻറിഫിക് അസിസ്റ്റൻറായി ജോലിലഭിക്കാനുള്ള ഉത്തരവും വീട്ടിലെത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക