16
Nov 2024
Fri
16 Nov 2024 Fri
DC books selected for best international publisher award at SIBF 2024

ഷാര്‍ജ അന്തര്‍ദേശീയ പുസ്തക മേളയിലെ മികച്ച അന്തര്‍ദേശിയ പ്രസാധകനുള്ള പുരസ്‌കാരം ഡി സി ബുക്‌സിന്. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ശെയ്ഖ ബൊദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയില്‍ നിന്ന് ഡി സി ബുക്‌സ് സിഇഒ രവി ഡിസി പുരസ്‌കാരം ഏറ്റുവാങ്ങി.
ഷാര്‍ജയില്‍ പുരോഗമിക്കുന്ന 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലായിരുന്നു പുരസ്‌കാരപ്രഖ്യാപനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2013ലും മികച്ച അന്തര്‍ദേശീയ പ്രസാധകനുള്ള പുരസ്‌കാരം ഡിസി ബുക്സിന് ലഭിച്ചിരുന്നു. അവാര്‍ഡ് രണ്ട് തവണ സ്വന്തമാക്കുന്ന ഏക ഇന്ത്യന്‍ പ്രസാധകരാണ് ഡി സി ബുക്സ്. സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ഡി.സി കിഴക്കെമുറി 1974 ആഗസ്ത് 29നാണ് ഡി സി ബുക്‌സ് എന്ന പേരില്‍ പുസ്തക പ്രസാധനശാല ആരംഭിച്ചത്.

ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ , അക്കാദമിക്, പ്രാദേശികം, വിവര്‍ത്തനം തുടങ്ങിയ വിഭാഗങ്ങളിലായി 1,500ലധികം പുതിയ പുസ്തകങ്ങളാണ് വര്‍ഷംതോറും ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള പ്രസാധകരാണ് ഡി സി ബുക്‌സ്. അച്ചടിമികവിനും പ്രസിദ്ധീകരണ മികവിനും നിരവധി ദേശിയ,സംസ്ഥാന പുരസ്‌കാരങ്ങള്‍ ഡി സി ബുക്‌സ് സ്വന്തമാക്കിയിട്ടുണ്ട്.