ബെയ്‌റൂത്ത്: ലബ്‌നാനെ ഞെട്ടിച്ച് പേജര്‍ സ്‌ഫോടന പരമ്പര.(Deadly pager blast in Lebanon; 9 dead, thousands injured) ഒമ്പതു വയസുകാരി പെണ്‍കുട്ടി ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു. 3000ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 200 ഓളം പേരുടെ നില ഗുരുതരമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
|
പരിക്കേറ്റവരില്‍ ലബ്‌നാനിലെ ഇറാന്‍ അംബാസഡറും ഉള്‍പ്പെടുന്നുണ്ട്. ഇറാന്‍ അംബാസഡറായ മൊജ്താബ അമാനിക്കാണ് പരിക്കേറ്റത്. അതേസമയം മരണസംഖ്യ ഉയര്‍ന്നേക്കാനാണ് സാധ്യത.
ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകള്‍ വിവിധയിടങ്ങളില്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണം ആസൂത്രിതമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവം വന്‍ സുരക്ഷാ വീഴ്ചയാണെന്ന് വിശേഷിപ്പിച്ച ഹിസ്ബുല്ല ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ആരോപിച്ചു.
ALSO READ: കോഴിക്കോട്ടെ സ്കൂളിൽ വിദ്യാർഥിനികൾക്ക് നേരെ അധ്യാപകന്റെ ലൈംഗികാതിക്രമം
പേജറിന്റെ ഇലക്ട്രോണിക് സര്‍ക്യൂട്ടില്‍ ബന്ധിപ്പിച്ച പ്രത്യേക തരത്തിലുള്ള സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് സൈനിക വിദഗ്ധനായ എലിജ മാഗ്നിയര്‍ പറഞ്ഞു. അത്യന്താധുനിക സാങ്കേതിക വിദ്യയാണ് ഇതിന് ഉപയോഗിച്ചിട്ടുള്ളത്. ഏതെങ്കിലും രാഷ്ട്രത്തിന്റെ ഇന്റലിജന്‍സ് സംവിധാനത്തിന്റെ സഹായത്തോടെയല്ലാതെ ഇത് സാധ്യമല്ലെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ മൊസാദിലേക്കാണ് സംശയമുന നീളുന്നത്.
ഉല്‍പ്പാദക രാജ്യത്ത് നിന്ന് ലബ്‌നാനിലേക്ക് ഇത്തരം വസ്തുക്കള്‍ നേരിട്ട് കയറ്റുമതി ചെയ്യുന്നതിന് നിരോധനമുള്ളതിനാല്‍ മറ്റു രാജ്യങ്ങള്‍ വഴിയാണ് എത്തുന്നത്. അവിടെ തുറമുഖത്ത് ഇവ മൂന്ന് മാസം തടഞ്ഞു വയ്ക്കപ്പെട്ടിരുന്നു. ഇതിനിടയില്‍ ആയിരിക്കാം ഇസ്രായേല്‍ പേജറിനകത്ത് സ്‌ഫോടക വസ്തു സ്ഥാപിച്ചതെന്നാണ് ഹിസ്ബുല്ല കരുതുന്നത്.
സ്‌ഫോടനം നടന്നത് ഇങ്ങനെ
ഈ പേജറുകളിലേക്ക് ആദ്യം ഒരു സന്ദേശം അയക്കുകയാണ് ഇസ്രായേല്‍ ചെയ്തത്. മെസേജ് വന്നതിന് പിന്നാലെ പേജറുകളില്‍ എറര്‍ കാണിച്ചു. പേജര്‍ ഉടമകള്‍ ഇത് പരിശോധിക്കാന്‍ വേണ്ടി കൈയിലെടുത്ത സമയത്ത് ഒരു വൈബ്രേഷനോട് കൂടി പൊട്ടിത്തെറിക്കുകയായിരുന്നു. ഇതു മൂലമാണ് 300ലേറെ പേര്‍ക്ക് രണ്ട് കൈകളും നഷ്ടപ്പെട്ടത്. പലര്‍ക്കും ഒന്നോ രണ്ടോ കണ്ണുകളും പോയി. 150ഓളം പേര്‍ക്ക് വയറിലാണ് ഗുരുതര പരിക്കേറ്റത്.
പൊട്ടെത്തെറിക്കാത്ത പേജറുകളില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ നിഗമനത്തിലെത്തിയത്. ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിക്കാത്തതായി ഉണ്ട്. ചിലത് ട്രിഗര്‍ സംവിധാനത്തിലെ പാളിച്ച കാരണം പൊട്ടിത്തെറിക്കാതെ കത്തിപ്പോയിട്ടുമുണ്ട്. അവ പരിശോധിച്ചാല്‍ കൃത്യമായ നിഗമനത്തിലെത്താന്‍ സാധിക്കുമെന്ന് മാഗ്നിയര്‍ പറഞ്ഞു.
ഹിസ്ബുല്ലയും ഇസ്രായേലും തമ്മിലുള്ള ഭിന്നത ഏറെക്കാലമായി രൂക്ഷമായി നിലനില്‍ക്കുകയാണ്. ഇതിനിടെയാണ് ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിക്കുന്ന 1000ത്തിലേറെ പേജര്‍ മെഷീനുകള്‍ ഒരേസമയം ലബ്‌നാന്റെ വിവിധ ഭാഗങ്ങളിലായി പൊട്ടിത്തെറിച്ചത്. ഹിസ്ബുല്ല അംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.


