25
Jan 2024
Fri
25 Jan 2024 Fri

വര്‍ക്കലയില്‍ വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം മോഷണം നടത്തിയ സംഭവത്തില്‍ പിടിയിലായ നേപ്പാള്‍ സ്വദേശി രാംകുമാര്‍ കോടതിയില്‍ കുഴഞ്ഞുവീണു മരിച്ചത് നാട്ടുകാരുടെ മര്‍ദ്ദനംമൂലമെന്ന് സംശയം. പൊലീസിന്റെ പക്കല്‍ ഏല്‍പ്പിക്കും മുമ്പ് പ്രതികളായ രാംകുമാര്‍, ജനക് ഷാ എന്നിവരെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. കസ്റ്റഡിയില്‍ വച്ച് മര്‍ദനമുണ്ടായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. ബുധനാഴ്ച വൈകീട്ട് നാലോടെ തിരുവനന്തപുരം അയിരൂര്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് രാംകുമാര്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് വര്‍ക്കല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാലേ രാംകുമാറിന്റെ മരണകാരണം വ്യക്തമാകൂ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വര്‍ക്കല ഹരിഹരപുരം സ്വദേശിനി ശ്രീദേവിയുടെ വീട്ടിലെ ജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനിയാണ് വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയത്. തുടര്‍ന്ന് നേപ്പാളുകാരായ സംഘാംഗങ്ങളെ വിളിച്ചുവരുത്തി മോഷണം നടത്തുകയായിരുന്നു. കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ചുകിട്ടാതെ വന്നതോടെ ജോലി സ്ഥലത്ത് നിന്ന് മകന്‍ സമീപവാസിയെ വിളിച്ച് വിവരം പറഞ്ഞപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. സംഘത്തില്‍ രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നതായാണ് വിവരം.

മോഷണം കഴിഞ്ഞയുടന്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രാംകുമാറിനെ പിടികൂടി നാട്ടുകാരാണ് അയിരൂര്‍ പൊലീസിന് കൈമാറിയത്. സമീപത്തെ പറമ്പില്‍ ഒളിച്ചിരുന്ന നേപ്പാള്‍ സ്വദേശി തന്നെയായ ജനക് ഷായെ ബുധനാഴ്ച രാവിലെയാണ് കണ്ടെത്തിയത്. മര്‍ദനത്തിന്റെ ഫലമായോ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായോ ജനക് ഷായുടെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. രാംകുമാറിനെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയിരുന്നെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്താത്തതിനെത്തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയതെന്നു പൊലീസ് പറയുന്നു.