22
Aug 2022
Fri
22 Aug 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തമിഴ്‌നാട്ടിലെ സേലത്തുള്ള തലൈവെട്ടി മുനിയപ്പൻ ക്ഷേത്രത്തിന്‍റെ നിയന്ത്രണമേറ്റെടുക്കാന്‍ തമിഴ്‌നാട് പുരാവസ്‌തു വകുപ്പിനോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ബുദ്ധന്‍റെ രൂപം മുനിയപ്പനായി ആരാധിക്കുന്ന ക്ഷേത്രത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനാണ് കോടതി ഉത്തരവിട്ടത്.  ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ മുനിയപ്പൻ വിഗ്രഹം ബുദ്ധപ്രതിമയാണെന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

 

ഹിന്ദു ആചാര പ്രകാരമാണ് ഇവിടെ ഏറെക്കാലമായി പൂജകൾ എല്ലാം നടക്കുന്നത്. ഇവിടെ ആരാധിക്കുന്ന വിഗ്രഹം ബുദ്ധപ്രതിമയാണെന്ന് ചൂണ്ടിക്കാട്ടി ബുദ്ധമത ട്രസ്റ്റ് ഭാരവാഹിയായ രംഗനാഥൻ കോടതിയെ സമീപിച്ചിരുന്നു. 2011ലാണ് ഇദ്ദേഹം ഹരജി സമർപ്പിച്ചത്. പ്രതിമ, പ്രതിഷ്ഠ എന്നിവ ഭഗവാൻ ബുദ്ധന്റേതാണെന്നും അത് ഹിന്ദു ദേവതയായി പരിവർത്തനം ചെയ്യുന്നതിനുമുമ്പ് അനേകം വർഷങ്ങൾ ബുദ്ധമത അനുയായികൾ ആരാധിച്ചിരുന്നതായും ഹരജിക്കാരൻ അറിയിച്ചു.

 

തുടർന്ന് വിശദ പരിശോധന നടത്താൻ പുരാവസ്തു വകുപ്പിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. വിഗ്രഹത്തിന്റെ വിശദമായ പരിശോധനയിൽ ബുദ്ധപ്രതിമയുടെ ലക്ഷണങ്ങൾ തെളിഞ്ഞതായും മുനിയപ്പനായി ആരാധിച്ചത് ബുദ്ധ പ്രതിമയെയായിരുന്നെന്നും വിദഗ്ധർ അറിയിച്ചു.

 

ക്ഷേത്രത്തിൽ ഇതുവരെ ആരാധിച്ച വിഗ്രഹം ബുദ്ധപ്രതിമയാണെന്ന് വ്യക്തമായ സാഹചര്യത്തിൽ അവിടെ ഹിന്ദു ആചാരപ്രകാരം പൂജകൾ നടത്താൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. അത് ബുദ്ധമതാചാരത്തിന് വിരുദ്ധമാണ് എന്നും ക്ഷേത്രത്തിന്റെ നിയന്ത്രണം ദേവസ്വം വകുപ്പിൽ നിന്ന് പുരാവസ്തുവകുപ്പ് ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു. സന്ദർശകരെ പ്രവേശിപ്പിക്കാമെങ്കിലും പൂജകൾ നടത്താൻ അനുവാദം ഇല്ലെന്നും ബുദ്ധപ്രതിമയാണെന്ന് വ്യക്തമാക്കി ബോർഡ് വയ്ക്കാനും കോടതി നിർദേശിച്ചു.