ന്യൂഡൽഹി: ജി 20 ഉച്ചകോടി നടക്കാനിരിക്കുന്ന രാജ്യതലസ്ഥാനമായ ഡൽഹിയിലെ ചേരികൾ മറച്ച് അധികൃതർ. ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാൻ സാധ്യതയുള്ള മേഖലകളിലെ ചേരികളാണ് മറച്ചത്. ചേരികൾ മറച്ച ദൃശ്യങ്ങൾ പകർത്താൻ പോയ മാധ്യമപ്രവർത്തകരുടെ സംഘത്തെ പൊലീസ് തടഞ്ഞു. ദൃശ്യങ്ങൾ കാമറയിൽ നിന്ന് നീക്കം ചെയ്തു.
|
ദൃശ്യങ്ങൾ പകർത്താൻ അനുവാദമില്ലെന്നും എടുത്ത ദൃശ്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും ഡൽഹി പൊലീസ് ഭീഷണിപ്പെടുത്തി. സുരക്ഷയുടെ ഭാഗമായാണ് ഇത്തരം നടപടിയെന്നായിരുന്നു പൊലീസ് വാദം. ജി 20യുടെ പ്രധാന വേദിക്ക് സമീപത്തെ ചേരി അധികൃതർ നേരത്തെ പൊളിച്ച് മാറ്റിയിരുന്നു.
ഇതുകൂടാതെ, ഉച്ചകോടി നടക്കുന്ന സമയത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍മാരോട് വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും കടകള്‍ തുറക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉച്ചകോടിയുടെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നോർത്തേൺ റെയിൽവേ 300 ട്രെയിനുകൾ റദ്ദാക്കി. 36 ട്രെയിനുകൾ ഭാഗികമായി സർവീസ് നടത്തും. ഉച്ചകോടി നടക്കുന്ന 9,10, 11 തിയതികളിലാണ് നിയന്ത്രണം.
ചില ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകളും അനുവദിച്ചു. ഉച്ചകോടിയുടെ ഭാഗമായി ഡൽഹി വൻ സുരക്ഷാ വലയത്തിലാണ്. ശനിയാഴ്ച ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഫുൾ ഡ്രസ് റിഹേഴ്‌സൽ നടത്തിയിരുന്നു. തത്സമയം ട്രാഫിക് അപ്‌ഡേറ്റുകൾ അറിയാനായി ജി-20 വെർച്വൽ ഹെൽപ് ഡെസ്‌ക് പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു.





