Delhi blast ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി എന്‍ഐഎ. നടന്നത് ആസൂത്രിത ആക്രമണം അല്ലെന്നാണും സ്‌ഫോടകവസ്തു അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാകാമെന്നുമാണ് നിഗമനം. അന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
|
ഫരീദാബാദില്‍ സ്ഫോടക വസ്തുക്കളുമായി സംഘം പിടിയിലായതറിഞ്ഞ് പരിഭ്രാന്ത്രിയില്‍ സ്‌ഫോടക വസ്തു മാറ്റുന്നതിനിടെ പൊട്ടിത്തെറിച്ചതായിരിക്കാമെന്നാണ് കരുതുന്നത്. ഐഇഡിയുടെ എല്ലാ ഭാഗങ്ങളും പൂര്‍ണമായി യോജിപ്പിച്ചിരുന്നില്ല. അതുകൊണ്ടാകാം സ്‌ഫോടനത്തിന്റെ ആഘാതം കുറഞ്ഞതെന്നും സംശയിക്കുന്നു. പൊട്ടിത്തെറിച്ച കാറില്‍ 80 കിലോയോളം സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്.
ഫരീദാബാദ് സംഘവുമായി ഉമറിന് ബന്ധം?
ഫരീദാബാദില്‍ സ്ഫോടക വസ്തുക്കളുമായി പിടികൂടിയവരുമായി ഉമറിന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം പറയുന്നു. സെപ്തംബറില്‍ ഈ വാഹനം ഫരീദാബാദിലും മറ്റിടങ്ങളിലും സഞ്ചരിച്ചിരുന്നു.
ഡോ. ഉമര്‍ നേരത്തേ കശ്മീരില്‍ ജോലി ചെയ്തിരുന്നതായും ഇവിടെ ഒരു രോഗിയുടെ മരണത്തെ തുടര്‍ന്ന് പുറത്താക്കിയതാണെന്നും ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തു.
ALSO READ: ബോളിവുഡ് നടന്‍ ഗോവിന്ദ കുഴഞ്ഞ് വീണു; അബോധാവസ്ഥയില്‍
വൈറ്റ് കോളര്‍ ഭീകരര്‍ എന്ന് എന്‍ഐഎ വിശേഷിപ്പിക്കുന്ന സംഘത്തിന് പിന്നില്‍ ആരെന്ന സംശയമാണ് ഉയരുന്നത്. മരിച്ചത് വെള്ള ഹയുണ്ടായി കാര്‍ പൊട്ടിത്തെറിച്ച് മരിച്ചത് ഡോ. ഉമര്‍ തന്നെയെന്ന് സ്ഥിരീകരിക്കാന്‍ കശ്മീരിലുള്ള ബന്ധുക്കളുടെ ഡിഎന്‍എ ശേഖരിച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം
ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡല്‍ഹി, യുപി, ഹരിയാന, ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് വിവിധ സംഘങ്ങള്‍ക്ക് രൂപം നല്‍കി.
ചെങ്കോട്ട സ്‌ഫോടനത്തില്‍ ശാസ്ത്രീയ പരിശോധന വേഗത്തിലാക്കി ഫൊറന്‍സിക് സയന്‍സ് ലാബോറട്ടറി. സ്‌ഫോടന സ്ഥലത്തുനിന്ന് രണ്ട് വെടിയുണ്ടകളും സ്‌ഫോടക വസ്തുവിന്റെ രണ്ട് സാംപിളുകളും എഫ്എസ്എല്‍ സംഘം കണ്ടെത്തിയിട്ടുണ്ട്.
അമോണിയം നൈട്രേറ്റിന്റേതാണ് ഒരു സാംപിള്‍ എന്നാണ് നിഗമനം. മുഴുവന്‍ സാംപിളുകളും ലാബില്‍ പരിശോധിക്കുകയാണ്. ഈ പരിശോധനാ ഫലത്തോടെ സ്‌ഫോടനത്തിന്റെ സ്വഭാവത്തില്‍ വ്യക്തത വരും.
കാബിനിറ്റ് സമിതി യോഗം ഇന്ന്
ചെങ്കോട്ട സ്‌ഫോടനം വിലയിരുത്താനും തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാനും സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് സമിതി ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ വൈകിട്ടാണ് യോഗം. സ്‌ഫോടനത്തിന് പിന്നിലെ ഭീകര ബന്ധമടക്കം യോഗം വിലയിരുത്തും.
യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരും പങ്കെടുക്കും. ഇതുവരെയുള്ള അന്വേഷണ പുരോഗതി അമിത് ഷാ പ്രധാനമന്ത്രിയെ ധരിപ്പിക്കും. ഇന്നലെ രണ്ടുതവണയായി ചേര്‍ന്ന ഉന്നതതല യോഗങ്ങളില്‍ സ്‌ഫോടനത്തിന്റെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ അമിത് ഷായോട് വിശദീകരിച്ചിരുന്നു.
ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുകയാണ്. ഫരീദാബാദിലെ സംഘവുമായി ഡല്‍ഹി സ്ഫോടനത്തിന് ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍. കുറ്റക്കാരെ പിടികൂടണമെന്നാണ് അമിത് ഷായുടെ നിര്‍ദേശം. അതേസമയം, സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹൃദയഭേദകമായ ദൃശ്യങ്ങള്‍
തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു ഡല്‍ഹിയില്‍ രാജ്യത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. ഡല്‍ഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്‌ഫോടനമുണ്ടായത്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡില്‍ ഹരിയാന രജിസ്‌ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
അതേസമയം, ഹൃദയഭേദകമായ കാഴ്ചകള്‍ക്കാണ് ഡല്‍ഹി എല്‍.എന്‍.ജെ.പി ആശുപത്രി പരിസരവും മൗലാന ആസാദ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയും തിങ്കളാഴ്ച രാത്രി മുതല്‍ സാക്ഷ്യംവഹിച്ചത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ നിസ്സഹായരായി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്ളുലക്കുന്നതാണ്.
പരിക്കേറ്റവരെ എല്‍.എന്‍.ജെ.പിയിലേക്ക് കൊണ്ടുവന്നപ്പോള്‍ മൃതദേഹങ്ങള്‍ തൊട്ടടുത്തുള്ള മൗലാന ആസാദ് മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്കാണ് മാറ്റിയത്. ഒമ്പത് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചതെങ്കിലും വിവിധ ശരീരാവശിഷ്ടങ്ങള്‍കൂടി കണക്കിലെടുത്ത് 13 വരെ ആയേക്കാമെന്നാണ് അധികൃതരുടെ കണക്കൂകൂട്ടല്‍. തിരിച്ചറിഞ്ഞ ആറ് മൃതദേഹങ്ങള്‍ ചൊവ്വാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ കൊണ്ടുപോയി.
യു.പി ഷാംലി സ്വദേശി 22കാരന്‍ നുഅ്മാന്‍ അന്‍സാരി, ബിഹാര്‍ സ്വദേശി ടാക്‌സി ട്രൈവര്‍ പങ്കജ് ചൗധരി, യു.പി ശ്രാവസ്തി സ്വദേശി ദിനേഷ് കുമാര്‍ മിശ്ര, ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ കണ്ടക്ടറായ യു.പി അംറോഹ സ്വദേശി അശോക് കുമാര്‍, ഡല്‍ഹി ശ്രീനിവാസ്പുരി സ്വദേശി 34കാരനായ അമര്‍ കഠാരിയ, യു.പി സ്വദേശി ലോകേഷ് അഗര്‍വാള്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.


