24
Mar 2025
Wed
24 Mar 2025 Wed
SDPI PROTEST

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ(പിഎംഎല്‍എ) പ്രകാരം അറസ്റ്റിലായ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിയെ ആറ് ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടു. (Delhi court sends SDPI president M K Faizy to 6-day ED custody) ഇന്നലെ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ ഫൈസിയെ ഇഡി പാട്യാല കോടതിയിലാണ് ഹാജരാക്കിയത്. കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷം തിങ്കളാഴ്ച്ച വീണ്ടും കോടതിയില്‍ ഹാജരാക്കണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫൈസിയുടെ ചികില്‍സാ സംബന്ധമായ ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കണമെന്നും നോമ്പെടുക്കാന്‍ സൗകര്യമനുവദിക്കണമെന്നും കോടതി ഇഡിയോട് നിര്‍ദേശിച്ചു. കസ്റ്റിഡിയില്‍ അഭിഭാഷകനുമായി 15 മിനിറ്റ് കൂടിക്കാഴ്ച്ച നടത്തുന്നതിനും അനുമതി നല്‍കി.

നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മറ്റും വിവരങ്ങള്‍ ശേഖരിക്കുന്നതിന് 10 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. ഫൈസിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ദീര്‍ഘകാല ബന്ധമാണുള്ളതെന്നും 2009ല്‍ എസ്ഡിപിഐ രൂപീകരിക്കുന്നതുവരെ അതില്‍ സജീവമായിരുന്നുവെന്നും ഇഡിക്ക് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ സൈമണ്‍ ബെഞ്ചമിന്‍, നവീന്‍ കുമാര്‍ മത്ത എന്നിവര്‍ വാദിച്ചു.

ALSO READ: SDPI ദേശീയ പ്രസിഡന്റ് എംകെ ഫൈസി കസ്റ്റഡിയില്‍

കൊച്ചിയില്‍ നിന്ന് വരും വഴി ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ഫൈസിയെ അറസ്റ്റ് ചെയ്തത്. ഇഡി നോട്ടീസ് നല്‍കിയത് അനുസരിച്ച് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ വരുമ്പോഴാണ് അറസ്റ്റ് ചെയ്തതെന്ന് എസ്ഡിപിഐ വൃത്തങ്ങള്‍ അറിയിച്ചു.

എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടിക്കണക്കിന് രൂപയുടെ ഫണ്ട് പിഎഫ്‌ഐയില്‍ നിന്ന് എസ്ഡിപിഐക്ക് കിട്ടിയിട്ടുണ്ടെന്നും ഇഡി അവകാശപ്പെടുന്നു.

തെളിവ് രേഖകളും ചില മൊഴികളും സ്ഥിരീകരിക്കുന്നതിന് ഫൈസിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് ഇഡി അറിയിച്ചു. എന്നാല്‍, അഡ്വക്കറ്റ് സത്യകം, സൈപാന്‍ ദസ്തഗീര്‍ ശെയ്ഖ് എന്നിവരുള്‍പ്പെട്ട ഫൈസിയുടെ അഭിഭാഷക സംഘം ഇതിനെ എതിര്‍ത്തു.

അദ്ദേഹത്തെ നേരത്തേ മൂന്ന് ദിവസം ചോദ്യം ചെയ്്തിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരായ തെളിവുകളായി പറയുന്നത് ചില രേഖകള്‍ മാത്രമാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. മൊഴി രേഖപ്പെടുത്തല്‍ മാത്രമാണ് ബാക്കിയുള്ളതെങ്കില്‍ അത് ജുഡീഷ്യല്‍ കസ്റ്റിഡിയില്‍ തന്നെ ചെയ്യാവുന്നതാണ്. ആരോപിക്കപ്പെടുന്ന ഫണ്ട് കൈമാറ്റം നടന്നത് 2017നും 2019നും ഇടയിലാണ്. ഇത് പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെടുന്നതിന് മുമ്പാണ്. അത് എങ്ങിനെയാണ് കുറ്റകൃത്യമാവുകയെന്നും അഭിഭാഷകര്‍ ചോദിച്ചു.

വിദേശ ഫണ്ട് സ്വീകരിച്ചു എന്ന ആരോപണത്തെയും ഫൈസിയുടെ അഭിഭാഷകര്‍ നിഷേധിച്ചു. എസ്ഡിപിഐക്ക് പോപ്പുലര്‍ ഫ്രണ്ടുമായി സാമ്പത്തിക ബന്ധമില്ല.

അതേസമയം, 12 തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും എംകെ ഫൈസി നിരന്തരം ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും ഇഡി പ്രോസിക്യട്ടര്‍ മത്ത വാദിച്ചു.

രാജ്യവ്യാപക പ്രതിഷേധം
അതേസമയം, എസ്ഡിപിഐ പ്രസിഡന്റ് എംകെ ഫൈസിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നു. കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് നടന്ന മാര്‍ച്ച് പോലീസ് തടഞ്ഞു. എംകെ ഫൈസിയുടെ അറസ്റ്റ്് പ്രതികാര നടപടിയുടെ ഭാഗമാണെന്ന് എസ്ഡിപിഐ ആരോപിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി, സോളിഡാരിറ്റി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്നിവയും ഫൈസിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചു.