28
Jul 2024
Wed
28 Jul 2024 Wed
ANI and Wikipedia

ന്യൂഡല്‍ഹി: എഎന്‍ഐ വാര്‍ത്താ ഏജന്‍സിയുടെ പരാതിയില്‍ ഡല്‍ഹി ഹൈക്കോടതി വിക്കിപീഡിയക്ക് നോട്ടീസയച്ചു. (Delhi HC issues summons to Wikipedia over ‘defamatory edits’ on its page on ANI) വിക്കിപീഡിയയിലുള്ള തങ്ങളുടെ പേജ് അപകീര്‍ത്തികരമായ രീതിയില്‍ എഡിറ്റ് ചെയ്യുന്നതിന് അനുവദിച്ചു എന്നാണ് പരാതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് എന്‍എന്‍ഐ. കേന്ദ്ര സര്‍ക്കാരിന്റെ പ്രചാരണ ആയുധമായി പ്രവര്‍ത്തിച്ചു, വ്യാജ വെബ്‌സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ വിതരണം ചെയ്തു, വാര്‍ത്തകളെ തെറ്റായ രീതിയില്‍ റിപോര്‍ട്ട് ചെയ്തു തുടങ്ങിയ ആരോപണങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സി നേരിടുന്നുണ്ടെന്നാണ് വിക്കിപീഡിയ പേജിലുള്ളത്. (കൃത്യമായ സോഴ്‌സ് നല്‍കി ആര്‍ക്കും സ്വതന്ത്രമായി എഡിറ്റ് ചെയ്യാവുന്ന വിവര ശേഖരമാണ് വിക്കിപീഡിയ).

പേജിലുള്ള വിവരണം അപകീര്‍ത്തികരമാണെന്നും തങ്ങളുടെ പേജ് വിവേചനപരമായ രീതിയില്‍ എഡിറ്റ് ചെയ്യുന്നതിന് വിക്കിപീഡിയ അനുമതി നല്‍കിയെന്നുമാണ് എഎന്‍ഐ ആരോപണം. പ്രസ്തുത ഭാഗം നീക്കം ചെയ്യണം, ഭാവിയില്‍ അത്തരം കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണം, 2 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് എഎന്‍ഐ കോടതിക്കു മുന്നില്‍ സമര്‍പ്പിച്ചത്.

ഇന്ത്യയിലെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം തൊഴിലാളികളെ പീഡിപ്പിക്കുന്നത് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നതായി ന്യൂസ് ലോണ്‍ട്രി റിപോര്‍ട്ട് ചെയ്യുന്നു. 2020ല്‍ ഇയു ഡിസിന്‍ഫോ ലാബ് നടത്തിയ അന്വേഷണത്തില്‍ എഎന്‍ഐ വാര്‍ത്തകളില്‍ നടത്തുന്ന നിരവധി തിരിമറികള്‍ പുറത്തുകൊണ്ടുവന്നിരുന്നു. പാകിസ്താനെയും ചൈനയെയും താറടിച്ചു കാണിക്കുന്നതിന് ഇന്ത്യാ അനുകൂല വ്യാജ വെബ്‌സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ പല തവണ വിതരണം ചെയ്തതായി ഇതില്‍ ആരോപിക്കുന്നു. മുഖ്യധാരാ ഇന്ത്യന്‍ മാധ്യമങ്ങള്‍ പല വാര്‍ത്തകള്‍ക്കും എഎന്‍ഐയെ ആണ് ആശ്രയിക്കാറുള്ളത്. ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയായ റോയുമായി സഹകരിച്ച് എഎന്‍ഐ പുറത്തുവിട്ട പല തെറ്റിദ്ധരിപ്പിക്കുന്ന റിപോര്‍ട്ടുകളെക്കുറിച്ചും ഡിസിന്‍ഫോ ലാബ് നടത്തിയ അന്വേഷണ റിപോര്‍ട്ടിലുണ്ട്.

ഇന്റര്‍നാഷനല്‍ ഫാക്ട് ചെക്കിങ് നെറ്റ്‌വര്‍ക്ക് എഎന്‍ഐയുടെ പല വാര്‍ത്തകളും വ്യജമാണെന്ന തെളിവുകള്‍ സഹിതം പുറത്തുകൊണ്ടുവന്നിരുന്നു. പാകിസ്താന്‍ ടെവിവിഷന്‍ ചാനലുകളില്‍ നിന്നുള്ള വീഡിയോ ക്ലിപ്പുകള്‍ ലോഗോയും ടിക്കറും മായ്ച്ച് കളഞ്ഞു സ്വന്തമാക്കി ഉപയോഗിച്ചതായും ആരോപണമുയര്‍ന്നിരുന്നു.