04
Jul 2026
Sat
04 Jul 2026 Sat
bhajan in train

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടയില്‍ സഹയാത്രികരായ ഒരു കുടുംബം തുടര്‍ച്ചയായി ഉറക്കെ ഭജന പാടിയതിനെത്തുടര്‍ന്ന് ഉറക്കം നഷ്ടപ്പെട്ട യാത്രക്കാരന്‍ ഒടുവില്‍ റെയില്‍വേ ഹെല്‍പ്പ് ലൈനില്‍ വിളിച്ച് പരാതിപ്പെട്ടു. സ്ലീപ്പര്‍ കോച്ചില്‍ വെച്ച് സഹികെട്ട യാത്രക്കാരന്‍ റെയില്‍വേയുടെ 139 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉറക്കം നഷ്ടപ്പെട്ട യുവാവ് കുടുംബത്തോട് ശബ്ദം താഴ്ത്താന്‍ പറയുമ്പോള്‍ തങ്ങള്‍ ഭക്തി ഗീതം പാടുകയാണെന്നും ശബ്ദമുണ്ടാക്കുകയല്ലെന്നുമായിരുന്നു മറുപടി. താന്‍ 24 മണിക്കൂറായി ഉറങ്ങിയിട്ടില്ലെന്ന് യുവാവ് വ്യക്തമാക്കിയപ്പോള്‍ അതിന് തങ്ങളെന്ത് വേണമെന്നായിരുന്നു കുടുംബത്തിന്റെ ധാര്‍ഷ്ട്യത്തോടെയുള്ള മറുപടി. ഇതോടെയാണ് യുവാവ് ഹെല്‍പ്പ്‌ലൈനില്‍ വിളിച്ച് പരാതിപ്പെട്ടത്.

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ ട്രെയിനിലെ ടിടിഇയും (TTE) റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (RPF) ഇടപെടുകയും, ഭജന പാടിയ കുടുംബത്തിന് കര്‍ശന മുന്നറിയിപ്പ് നല്‍കി കോച്ചില്‍ ശാന്തത പുനഃസ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍ ഈ വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ജനങ്ങള്‍ രണ്ട് ചേരിയായി തിരിഞ്ഞിരിക്കുകയാണ്. ദീര്‍ഘദൂര യാത്രകളില്‍ സ്ത്രീകള്‍ സമയം കളയാന്‍ ഇത്തരം ഭജനകള്‍ പാടുന്നത് സാധാരണമാണെന്നും അതില്‍ തെറ്റില്ലെന്നും ഒരു വിഭാഗം വാദിക്കുമ്പോള്‍, പൊതു ഇടങ്ങളില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പരസ്പര ബഹുമാനം കാണിക്കണമെന്നാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കുന്നത്. ഇത് ജനങ്ങളുടെ പൊതുബോധമില്ലായ്മയെയാണ് കാണിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നു.

ലക്ഷക്കണക്കിന് ആളുകള്‍ ദിവസേന യാത്ര ചെയ്യുന്ന ഇന്ത്യന്‍ റെയില്‍വേയില്‍ ഇത്തരം ശബ്ദശല്യങ്ങള്‍ വലിയൊരു പ്രശ്‌നമായി തുടരുകയാണ്. നിലവിലെ നിയമപ്രകാരം രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ശബ്ദമുണ്ടാക്കാന്‍ പാടില്ലെന്ന് റെയില്‍വേ നിര്‍ദ്ദേശമുണ്ട്. ഈ ‘നിശബ്ദ സമയങ്ങളില്‍’ (Quiet Hours) നിയമം ലംഘിച്ച് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്നവരില്‍ നിന്ന് 500 രൂപ വരെ പിഴ ഈടാക്കാനും റെയില്‍വേയ്ക്ക് നിയമമുണ്ട്.

Tired Passenger Calls Helpline on Family’s Loud Train Bhajans