07
Oct 2023
Wed
07 Oct 2023 Wed

ന്യൂഡൽഹി: 20 വർഷം മുമ്പ് ലോറിക്ക് തീപിടിച്ചു മരിച്ചുവെന്ന് കരുതിയിരുന്ന കൊലക്കേസ് പ്രതിയായ മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ അറസ്റ്റിലായി. ഒരാളെ ശ്വാസം മുട്ടിച്ചും ലോറിക്ക് തീയിട്ടു രണ്ടുപേരെ കൊന്നതിനുമാണ് അറസ്റ്റ്. ആദ്യ കൊലക്കേസിൽ നിന്ന് രക്ഷപ്പെടാൻ ആസൂത്രിതമായി രണ്ടുതൊഴിലാളികളെ ലോറിക്കുള്ളിലിട്ടു കത്തിച്ചാണ് ഇയാൾ സ്വന്തം മരണം കൃത്രിമമായി സൃഷ്ടിച്ചത്. ആദ്യ കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് കേവലം 30 കിലോമീറ്റർ അകലെ അമൻ സിങ് എന്ന പേരിൽ വസ്തുവ്യാപാരിയായി കഴിയുകയായിരുന്ന ബലേഷ് കുമാർ(60)ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് പൊക്കിയത്. ഇതോടെയാണ് ലോറിക്കുള്ളിലിട്ട് രണ്ടു തൊഴിലാളികളെ തീക്കൊളുത്തിക്കൊന്ന കുറ്റസമ്മതം ഇയാൾ നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹരിയാന സ്വദേശിയായ ബലേഷ് കുമാറിന് എട്ടാം ക്ലാസ് മാത്രമാണ് വിദ്യാഭ്യാസം. 1981ൽ നാവികസേനയിൽ ചേർന്ന ബലേഷ് 1996ൽ വിരമിച്ചു. ഇതിനു ശേഷം ഡൽഹിയിലെ ഉത്തംന​ഗറിൽ കുടുംബത്തിനൊപ്പം താമസിച്ച് ​ഗതാ​ഗത രം​ഗത്ത് പ്രവർത്തിച്ചുവരികയായിരുന്നു ബലേഷ് കുമാർ. 2004ൽ ഡൽഹി ബവാനയിൽ രാജേഷ് എന്നയാളെ ശ്വാസംമുട്ടിച്ചുകൊന്നതായിരുന്നു ബലേഷിന്റെ ആദ്യ കൊലപാതകം. ബലേഷ് കുമാറും സഹോദരൻ സുന്ദർ ലാലും ചേർന്നായിരുന്നു കൊലപാതകം നടത്തിയത്. മൂവരും ചേർന്ന് മദ്യപിക്കുന്നതിനിടെ
രാജേഷിന്റെ ഭാര്യയുമായി ബലേഷിന് അവിഹിതബന്ധമുണ്ടെന്നാരോപിച്ച് തർക്കമായി. ഇതേത്തുടർന്ന് ബലേഷ് കുമാറും സുന്ദർ ലാലും ചേർന്ന് രാജേഷിനെ ശ്വാസം മുട്ടിച്ചുകൊന്നു.

ഇതിനു ശേഷം കുമാർ രക്ഷപ്പെടാൻ പദ്ധതി ആസൂത്രണം ചെയ്തു. ഇതിനായി ഇയാൾ ഡൽഹിയിലെ സമയ്പുറിൽ നിന്ന് ബിഹാറിൽ നിന്നുള്ള രണ്ടു തൊഴിലാളികളെ രാജസ്ഥാനിൽ ജോലി നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി. ഇവരുമായി സുന്ദർ ലാലിന്റെ ലോറിയിൽ രാജസ്ഥാനിലേക്ക് പോയി. തന്റെ രേഖകളും മറ്റും ഇയാൾ മനപ്പൂർവം വാഹനത്തിൽ വച്ചിരുന്നു. വാഹനം ജോഥ്പൂറിൽ എത്തിയപ്പോൾ തൊഴിലാളികൾ ഉള്ളിലിരിക്കെ വാഹനത്തിനു തീയിട്ടു. പൊലീസ് എത്തുമ്പോൾ രണ്ടുപേരെ വാഹനത്തിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. വാഹനത്തിൽ നിന്നു ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഒരു മൃതദേഹം ബലേഷിന്റെതാണെന്ന നി​ഗമനത്തിൽ പൊലീസ് എത്തി.

ഇതിനിടെ രാജേഷിനെ വധിച്ച കേസിൽ പൊലീസ് സുന്ദർലാലിനെ അറസ്റ്റ് ചെയ്യുകയും ബലേഷ് ലോറിക്ക് തീപിടിച്ച് മരിച്ചുവെന്ന് പൊലീസ് കോടതിയെ അറിയിക്കുകയും ചെയ്തു. ഇതോടെ ബലേഷ് കുമാറിന്റെ പെൻഷനും ഇൻഷുറൻസ് തുകയും ഭാര്യക്കു ലഭിച്ചു. ലോറിയുടെ ഇൻഷുറൻസ് തുകയും ഇവർക്കാണ് ലഭിച്ചത്. അമൻ സിങ് എന്ന പേരിൽ കഴിയുന്നത് ബലേഷ് കുമാര് ‍ആണെന്ന സംശയം തോന്നിയ ആരോ ആണ് വിവരം പൊലീസിന് കൈമാറിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക