ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ 171 വിമാനാപകടം പൈലറ്റ് കരുതിക്കൂട്ടി ചെയ്തതോ എന്ന സംശയവുമായി വ്യോമ മേഖലയിലെ സുരക്ഷാ വിദഗ്ധന്‍ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍. (Did the Air India pilot deliberately cause the accident?) കോക്പിറ്റില്‍ നിന്നുണ്ടായ ബോധപൂര്‍വമുള്ള പ്രവൃത്തിയാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. ഇത് ചിലപ്പോള്‍ ആത്മഹത്യവരെയാകാമെന്നാണ് ഫ്യൂവല്‍ സ്വിച്ചിന്റെ ഓഫ്, ഓണ്‍ രീതികള്‍ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പ്രമുഖ ചാനലിനോട് പറഞ്ഞു.
|
ഫ്യൂവല്‍ സ്വിച്ചില്‍ ഓട്ടോമാറ്റിക് സംവിധാനമില്ല. അത് ഓഫാക്കുന്നത് കൈകൊണ്ട്, മാന്വല്‍ ആയി ചെയ്യണം. ഒരു സ്ലോട്ടില്‍ കൃത്യമായി നില്‍ക്കുന്ന തരത്തിലാണ് സ്വിച്ചുകളുടെ രൂപകല്‍പന. ഉന്തുകയോ വലിക്കുകയോ ചെയ്താല്‍ മാത്രമേ സ്വിച്ച് ഓണാവുകയോ ഓഫാവുകയോ ചെയ്യുകയുള്ളു.
അതിനാല്‍ വെറുതെ ഓഫ് നിലയിലേക്ക് സ്വിച്ച് മാറുന്ന കാര്യം ഉദിക്കുന്നില്ല. ക്യാപ്റ്റന്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയതായി കേട്ടിരുന്നു-രംഗനാഥന്‍ തുടര്‍ന്നു.
കോക്പിറ്റ് വോയ്‌സ് റെക്കോഡറില്‍നിന്നുള്ള സന്ദേശ പ്രകാരം പൈലറ്റുമാരുടെ സംഭാഷണത്തില്‍ ചില പ്രശ്‌നങ്ങളുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ചില കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഒളിച്ചുവെക്കുകയാണെന്നും രംഗനാഥന്‍ കൂട്ടിച്ചേര്‍ത്തു.


