16
May 2024
Thu
16 May 2024 Thu

കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം. ഉമര്‍ ലുലുവിന്റെ ഹരജിയില്‍ ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അറസ്റ്റ് ഉണ്ടായാല്‍ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി അറിയിച്ചു. നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണ് ഉണ്ടായത് എന്നാണ് ഒമര്‍ ലുലു കോടതിയില്‍ വ്യക്തമാക്കിയത്. അവരെ ബലംപ്രയോഗിച്ച് പീഡിപ്പിച്ചിട്ടില്ലെന്നും സമ്മതത്തോടെയാണ് ലൈംഗികബന്ധം നടന്നതെന്നും ഒമര്‍ ലുലു പറഞ്ഞു. ഹര്‍ജി വിശദമായ വാദത്തിനായി അടുത്തമാസം 6 ലേക്ക് മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചിയില്‍ സ്ഥിര താമസമാക്കിയ നടിയാണ് ഒമര്‍ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിന് നല്‍കിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാല്‍സംഗം ചെയ്‌തെന്നാണ് യുവ നടിയുടെ പരാതി.

ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. ഒമര്‍ ലുലുവിന്റെ മുന്‍ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു. എന്നാല്‍ തന്നോടുള്ള വ്യക്തിവിരോധമാണ് പരാതിക്ക് പിന്നില്‍ എന്നാണ് ഒമര്‍ ലുലുവിന്റെ ആരോപണം.