21
Feb 2023
Mon
21 Feb 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: യാതൊരു കാരണവുമില്ലാതെ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ മൊബൈൽ നമ്പർ കൊടുക്കരുതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ നിലവിൽ വരുന്നതോടെ ഡിജിറ്റൽ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിന് അവസാനമാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പൊതുജനാരോഗ്യ പ്രവർത്തകൻ ദിനേഷ് എസ്. ഠാക്കൂറിന്റെ ട്വീറ്റിനോടുള്ള മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡൽഹി വിമാനത്താവളത്തിലുണ്ടായ ഒരു അനുഭവമായിരുന്നു ഠാക്കൂർ ട്വീറ്റിൽ പങ്കുവച്ചിരുന്നത്.

വിമാനത്താവളത്തിലെ ഒരു കടയിൽനിന്ന് ഒരു പാക്കറ്റ് ച്യൂയിങ് ഗം വാങ്ങാൻ പോയപ്പോൾ അവർ തന്റെ മൊബൈൽ നമ്പർ ചോദിച്ചുവെന്നും എന്തിനാണെന്ന് ചോദിച്ചപ്പോൾ സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണെന്ന് മറുപടി നൽകിയെന്നും ഠാക്കൂർ ട്വീറ്റിൽ പറയുന്നു. തുടർന്ന് താൻ ച്യൂയിങ് ഗം വാങ്ങാതെ മടങ്ങിയെന്നും ഠാക്കൂർ ട്വീറ്റിൽ പറഞ്ഞിരുന്നു.

അതേസമയം, സഹയാത്രികരിൽ പലരും യാതൊരു എതിർപ്പും കാണിക്കാതെ കടക്കാർക്ക് മൊബൈൽ നമ്പർ നൽകി എന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും ഠാക്കൂർ മറ്റൊരു ട്വീറ്റിൽ പറഞ്ഞിട്ടുണ്ട്. ഠാക്കൂറിന്റെ ട്വീറ്റുകൾക്ക് മറുപടിയായാണ്, ന്യായമായ കാരണങ്ങൾ ഇല്ലെങ്കിൽ കടകളിൽ മൊബൈൽ നമ്പർ നൽകരുതെന്ന് മന്ത്രി പറഞ്ഞത്.