ചെന്നൈ: തമിഴ്‌നാട് ബിഎസ്പി പ്രസിഡന്റ് കെ ആംസ്‌ട്രോങ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഡിഎംകെ ഭരണകൂടം സ്വീകരിക്കുന്ന സമീപനത്തിനെതിരേ ശക്തമായി പ്രതികരിച്ച് പ്രമുഖ സിനിമാ സംവിധായകന്‍ പാ രഞ്ജിത്ത്. (“Do you really care about Dalit people and Dalit leaders?”: Pa Ranjith slams DMK govt over Armstrong murder)കൊല്ലപ്പെട്ട ആംസ്‌ട്രോങ് പാ രഞ്ജിത്തിന്റെ അടുത്ത സുഹൃത്തും അംബേദ്കറൈറ്റ് മൂവ്‌മെന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നയാളുമായിരുന്നു.
|
അറിയപ്പെടുന്ന ബുദ്ധിസ്റ്റ് നേതാവായ ആംസ്‌ട്രോങ് ജൂലൈ 5ന് ആണ് സ്വന്തം വീട്ട് മുറ്റത്ത് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ ഏതാനും പേരാണ് അദ്ദേഹത്തെ വെട്ടിക്കൊന്നത്. ചെന്നൈയിലെ പെരമ്പൂരിലുള്ള പാര്‍ട്ടി ഓഫീസ് പരിസരത്ത് അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്യാനുള്ള അണികളുടെ ആവശ്യം ജുലൈ 7ന് മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ജനവാസപ്രദേശമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പകരം തിരുവള്ളൂര്‍ ജില്ലയിലെ പൊതൂര്‍ പഞ്ചായത്തിലുള്ള സ്വകാര്യ സ്ഥലത്ത് അടക്കാനായിരുന്നു കോടതി നിര്‍ദേശം.
എട്ട്‌പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഗുണ്ടാ നേതാവ് ആര്‍ക്കോട്ട് സുരേഷ് കൊല്ലപ്പെട്ടതിന് പ്രതികാരമാണ് ആംസ്‌ട്രോങിന്റെ കൊലയെന്നാണ് പോലീസ് അവകാശപ്പെടുന്നത്. എന്നാല്‍, ഇത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് ദലിത് നേതാക്കള്‍ പറയുന്നത്.
പെരമ്പൂരിലെ അദ്ദേഹത്തിന്റെ ഓഫിസും വീടും ചേര്‍ന്ന സ്ഥലത്ത് അടക്കാന്‍ അനുമതി നിഷേധിച്ച ഡിഎംകെ സര്‍ക്കാര്‍ നടപടിയെ പാ രഞ്ജിത്ത് ചോദ്യം ചെയ്തു. യാതൊരു ക്രമസമാധാന പ്രശ്‌നവും സൃഷ്ടിക്കാതെയാണ് ആംസ്‌ട്രോങിന്റെ സംസ്‌കാര ചടങ്ങുകള്‍ നിര്‍വഹിച്ചത്. എന്നാല്‍, ഡിഎംകെ സര്‍ക്കാരിന്റെ നിര്‍ബന്ധ ബുദ്ധി കാരണം കോടതിയെ ഇടപെടുവിച്ച് പെരമ്പൂരിലെ ബിഎസ്പി ഓഫീസ് പരിസരത്ത് മൃതദേഹം അടക്കുന്നത് തടയുകയായിരുന്നുവെന്ന് പാ രഞ്ജിത്ത് ആരോപിച്ചു.
രണ്ട് ദിവസത്തെ നാടകത്തിന് ശേഷം ചെന്നൈക്ക് പുറത്തെ ഒരു ഗ്രാമത്തില്‍ മനസ്സില്ലാ മനസ്സോടെ അദ്ദേഹത്തെ അടക്കം ചെയ്യേണ്ടി വന്നു. അദ്ദേഹം ജീവിച്ച സ്ഥലത്ത് മൃതദേഹം അടക്കാന്‍ അനുവദിക്കാത്ത ഡിഎംകെ സര്‍ക്കാര്‍ വലിയ വഞ്ചനയാണ് കാണിച്ചത്. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് ദലിതുകളെക്കുറിച്ചോ ദലിത് നേതാക്കളെക്കുറിച്ചോ എന്തെങ്കിലും ചിന്തയുണ്ടോ?- പാ രഞ്ജിത്ത് ചോദിച്ചു. ഡിഎംകെയെ ഏറ്റവും കൂടുതല്‍ പിന്തണക്കുന്നവരാണ് ദലിതുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോലീസ് അന്വേഷണത്തിലും പാ രഞ്ജിത്ത് സംശയം പ്രകടിപ്പിച്ചു. കീഴടങ്ങിയവരെ വച്ച് കേസ് അവസാനിപ്പിക്കാനാണ് പോലീസിന് താല്‍പര്യം. ആരാണ് കൊലയ്ക്ക് പദ്ധതിയിട്ടത്? ആരുടെ നിര്‍ദേശപ്രകാരമാണ് കൊല നടത്തിയത്? മറയ്ക്ക് പിന്നിലിരുന്ന് ആരും കളിക്കുന്നില്ലെന്ന് പോലീസ് ഉറപ്പു വരുത്തിയിട്ടുണ്ടോ എന്നും പാ രഞ്ജിത്ത് ചോദിച്ചു.
ആംസ്‌ട്രോങിനെ സോഷ്യല്‍ മീഡിയയില്‍ റൗഡിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. അടിച്ചമര്‍ത്തപ്പെടുന്നവര്‍ ആത്മാഭിമാനത്തിന് വേണ്ടി വാദിക്കുമ്പോള്‍ അതിനെ റൗഡിത്തരമെന്ന് വിളിക്കുകയാണെന്ന് പാ രഞ്ജിത്ത് പറഞ്ഞു.





